കേരളത്തിലേയ്ക്ക് കോടികണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം എത്തുന്നുവെന്ന ആരോപണവുമായി വ്യാപാരികള്‍. നികുതിയടക്കാതെ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം നികുതി വിധേയമായി പ്രവര്‍ത്തിക്കുന്ന കച്ചവടത്തെ ഇല്ലാതാക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങേണ്ടി വരുമെന്നാണ് കച്ചവടക്കാരുടെ മുന്നറിയിപ്പ്.
നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തിലേയ്ക്ക് കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണം എത്തുന്നത്. ചെന്നൈ, മംഗലൂരു വിമാനത്താവളങ്ങളെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്ന സ്വര്‍ണം വിലകുറച്ച് ഉപഭോക്താവിലേയ്ക്ക് എത്തുന്നു. പ്രമുഖ ജ്വല്ലറികളില്‍ ജോലി ചെയ്തിരുന്ന പലരും ഇപ്പോള്‍ ഇത്തരം മാഫിയകളുടെ ഭാഗമാണ്.
അനധികൃത സ്വര്‍ണ കച്ചവടക്കാരെ നികുതിയുടെ കീഴില്‍ കൊണ്ടുവരണം. ഇതുവഴി കോടികണക്കിന് രൂപ സര്‍ക്കാരിന് ലഭിക്കും. അനധികൃത കച്ചവടക്കാര്‍ക്ക് സഹായം നല്‍കുന്നത് രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളാണെന്നും കേരള ജ്വല്ലറി അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ആരോപിക്കുന്നു.