തീര്‍ഥാടനകാലം കഴിഞ്ഞിട്ടും തകര്‍ന്നപമ്പയില്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയില്‍. അസൗകര്യങ്ങളില്‍ നട്ടംതിരിഞ്ഞ നിലയ്ക്കലേയ്ക്കും അതികൃതര്‍ക്ക് ശ്രദ്ധയില്ലാതായി. പ്രളയകാലം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുമ്പോഴും കാര്യമായ പുരോഗതിയൊന്നും പമ്പയില്‍ കൈവരിച്ചിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന പമ്പയ്ക്ക് ബജറ്റില്‍ പ്രത്യേക ശ്രദ്ധലഭിക്കുമെന്ന കണക്കുകൂട്ടലാണ് ദേവസ്വം ബോര്‍ഡിന് ഉള്‍പ്പെടെയുള്ളത്.
മലയോളം പൊങ്ങിയമണല്‍ പമ്പയില്‍പലയിടത്തും ഇപ്പോഴും അങ്ങനെതന്നെയുണ്ട്. പുഴകൊച്ചരുവികള്‍പോലെ പലവഴിക്കൊഴുകുന്നു. മണല്‍ ചാക്കുനിരത്തിയതിനപ്പുറം നിര്‍മാണ പ്രവൃത്തികള്‍ ഒരടി മുന്നോട്ടുപോയിട്ടില്ല. കൊയ്ത്തൊഴിഞ്ഞപാടത്തെ ഓര്‍മിപ്പിക്കും പുണ്യനദിയിന്ന്. ബലക്ഷയം സംഭവിച്ചകെട്ടിടങ്ങള്‍ അങ്ങനെതന്നെയുണ്ട്. അസൗകര്യങ്ങളില്‍ നട്ടംതിരിഞ്ഞു തീര്‍ഥാടനകാലത്ത് പമ്പ.
നിലയ്ക്കല്‍ ബേസ് ക്യാമ്പായശേഷമുള്ള ആദ്യതീര്‍ഥാടനകാലമാണ് കഴിഞ്ഞത്. പാര്‍ക്കിങ്സൗകര്യമോ, ശുചിമുറിസൗകര്യമോ നിലയ്ക്കലില്‍ പരിമിതം. സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന ഹൈക്കോടതി നിരീഷക സമിതിയുടെ വിമര്‍ശവും ഉണ്ടായി. മാസപൂജകളും, അടുത്ത തീര്‍ഥാടനകാലവുംവരാനിരിക്കെ ബജറ്റില്‍ പമ്പയ്ക്ക് പ്രത്യേക പരിഗണനയാണ് പ്രതീക്ഷിക്കുന്നത്.