endosulfan66

 

എന്റോസൾഫ‌ാൻ ദുരിത ബാധിതരുടെ അമ്മമാര്‍ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. ഇവർക്ക് പിൻതുണയുമായി സാമൂഹ്യപ്രവർത്തക  ദയാഭായ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.   സുപ്രീംകോടതി വിധിയും മനുഷ്യാവാകാശ കമ്മീഷൻ ഉത്തരവുകളും നടപ്പില‌ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച‌ാണ് സമരം.

ഒരുവര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തിയപ്പോള്‍ ഇരകളുടെ പുനരധിവാസത്തിനായി ബജറ്റില്‍ 50 കോടി രൂപയും, കടം എഴുതി തള്ളാന്‍ 7 കോടി രൂപയും വകയിരുത്തി. എന്നാല്‍ എല്ലാം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയെന്നാണ് സമരസമിതിയുടെ ആരോപണം.

സര്‍ക്കാര്‍ കണക്കില്‍ 6212 പേര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ്. 2010 മുതല്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളിലൂടെ തയ്യാറാക്കിയതാണ്. ഈ പട്ടിക. എന്നാല്‍ അര്‍ഹരായ പലരും ഇപ്പോഴും ലിസ്റ്റിലില്ലെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍. എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണം എന്ന സുപ്രീം കോടതി വിധിയും ഇതുവരെ നടപ്പായിട്ടില്ല. കിടപ്പുരോഗികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും അഞ്ചു ലക്ഷവും, മറ്റുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മാത്രമാണ് ഭാഗീകമായെങ്കിലും നടപ്പാക്കിയത്. 2665 പേര്‍ക്ക് ഇതനുസരിച്ച് പണം നല്‍കി. ദുരിതബാധിതരുടെ പുനരധിവാസമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വര്‍ഷങ്ങളായി കടലാസിലുറങ്ങുന്നു.