രോഗബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടനും സംവിധായകനുമായ സലിംകുമാര്‍. കൊച്ചിയില്‍ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാര്‍ നിര്‍വഹിച്ചു.
സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടില്‍ നടന്നത്. സംഗമം ഉദ്ഘാടനം ചെയ്ത സലിംകുമാര്‍ മാതാ അമൃതാനന്ദമയി തന്റെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മാതാ അമൃതാനന്ദമയിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളേണ്ടതുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു.
സിപിഎം സംസ്ഥാനസമിതി അംഗം കെ.ചന്ദ്രന്‍പിള്ള, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനയ്യായിരത്തോളം വനിതകളാണ് സംഗമത്തില്‍ പങ്കെടുത്തത്.