സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പേ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ താനൂരില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നാണ് ആവശ്യം. ചുവരെഴുത്തുകള്‍ നേതൃത്വത്തിന്റെ അറിവോടെയല്ല എന്നാണ് വിശദീകരണം.
പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി മല്‍സരിക്കണോ അതോ പാര്‍ട്ടി സ്ഥാനാര്‍ഥി വേണോ ? അണിയറയില്‍ ചര്‍ച്ച പൊടിപൊടിക്കുന്നതിനിടെയാണ് താനൂര്‍ പൊലിസ് സ്റ്റേഷന്‍ സമീപത്തെ ചുവരില്‍ എല്‍.ഡി.എഫ് സ്വതന്ത്രനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചുവരെഴുത്ത്.
മുസ്ലീം ലീഗിനു മുന്‍പേ പാര്‍ട്ടി അണികളില്‍ തിരഞ്ഞെടുപ്പ് ആവേശം ഉണ്ടാക്കാനാണ് ചുവരെഴുത്തെന്നാണ് പറയുന്നത്.എന്തു കൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്നതിനും ഉത്തരമുണ്ട്
സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍, മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ മണ്ഡലത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.ഇവരെല്ലാം ഇതിനു മുന്‍പ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മല്‍സരിച്ചവരാണ്. വരും ദിവസങ്ങളിലും അണികളില്‍ ആവേശം നിറക്കാന്‍ ചുവരുകളിലെല്ലാം വോട്ടഭ്യര്‍ത്ഥന നിറയും.