brahmapuram-conspirancy

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്നു സൂചന. നാലു ഭാഗത്തും ഒരേ സമയത്തു തീ പടർന്നതാണ് അട്ടിമറി സാധ്യതകളിലേക്കു വിരൽചൂണ്ടുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള പ്ലാന്റിലേക്ക് മറ്റാർക്കും പ്രവേശിക്കാൻ കഴിയില്ല. കനത്ത വെയിലിൽ തീ പിടിക്കുകയാണെങ്കിൽ ഒരു സ്ഥലത്തു മാത്രമേ ഉണ്ടാവൂ. എന്നാൽ പ്ലാന്റിലേക്ക് ഫയർ എൻജിനുകൾക്കു പോലും പ്രവേശിക്കാൻ സാധിക്കാത്ത വിധത്തിലാണ് പുലർച്ചെ രണ്ടു മണിയോടെ തീ പടർന്നത്

 

മനഃപൂർവം തീയിട്ടതാണെന്ന സംശയം മേയർ സൗമിനി ജെയിനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി.സാബുവും ജില്ലാ വികസന സമിതിയും ഉന്നയിച്ചു. റേഞ്ച് ഐജി വിജയ് സാഖറെയോട് അന്വേഷണം ആവശ്യപ്പെട്ടതായി തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ജോസ് വ്യക്തമാക്കി.കേസെടുത്ത് അന്വേഷിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി സ്ഥലം സന്ദർശിച്ച കലക്ടർ മുഹമ്മദ് സഫിറുല്ല അറിയിച്ചു

 

അടിസ്ഥാന സൗകര്യങ്ങളില്ല

 

കഴിഞ്ഞ തവണ ദേശീയ ഹരിത ട്രൈബ്യൂണൽ പ്ലാന്റിൽ പരിശോധന നടത്തിയ ശേഷം അടിയന്തരമായി ചെയ്യേണ്ട പരിഹാര നടപടികൾ നിർദേശിച്ചിരുന്നു. 100 ഏക്കറിലേറെ വിസ്തൃതിയിൽ 3 മീറ്ററോളം ഉയരത്തിലാണ് ഇവിടെ പ്ലാസ്റ്റിക് കൂട്ടിയിട്ടിരിക്കുന്നത്. ഫയർ എൻജിനുകൾക്കു പോകാനുള്ള വഴി പോലും ഇല്ല. വന പ്രദേശത്ത് ഫയർലൈൻ തളിക്കുന്നതു മാതൃകയാക്കി ഇവിടെയും മാലിന്യ മല വേർതിരിക്കണമെന്നാണ് പ്രധാന നിർദേശം. തുണ്ടുകളായി വിഭജിക്കുന്ന കൂമ്പാരത്തിനു നടുവിൽ ഇടയ്ക്കിടയ്ക്കു വാട്ടർ ടാങ്കുകൾ സ്ഥാപിച്ച് വെള്ളം സംഭരിക്കണം. 20,000 ലീറ്റർ കൊള്ളുന്ന 10 ടാങ്കുകളെങ്കിലും ഇങ്ങനെ സ്ഥാപിച്ചാൽ അടിയന്തര സാഹചര്യം നേരിടാം. ഫയർ എൻജിനുകൾക്ക് പോകാനുള്ള വഴി ഒരുക്കണമെന്നും നിർദേശിച്ചിരുന്നു.

 

വിരലനക്കാതെ ഉദ്യോഗസ്ഥർ

 

ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ പാടേ അവഗണിക്കുകയാണ് കോർപറേഷൻ. നഗരസഭാ സെക്രട്ടറിയും കൗൺസിലും എൻജിനിയീറിങ് വിഭാഗവും തമ്മിൽ ഏകോപനത്തോടെയുള്ള പ്രവർത്തനം ബ്രഹ്മപുരത്ത് നടന്നിട്ടില്ല. അഞ്ചര വർഷത്തിലേറെ നഗരസഭാ സെക്രട്ടറിയായി തുടർന്ന ഉദ്യോഗസ്ഥയെ ഏറെ വിമർശനങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ചയാണ് മാറ്റിയത്. കോഴിക്കോട് നഗരസഭാ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥൻ ചുമതലയേറ്റു ദിവസങ്ങൾക്കുള്ളിലാണ് തീപിടിത്തം.

 

അഗ്നിരക്ഷാ സേനയ്ക്ക് കനത്ത വെല്ലുവിളി

 

ബ്രഹ്മപുരത്തെ തീപിടിത്തം ജില്ലയിലെ അഗ്നിരക്ഷാ സേനയ്ക്ക് കനത്ത വെല്ലുവിളിയായി. നഗരത്തിലെ ചെരിപ്പ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയ്ക്കു ശേഷം മൂന്നു ദിവസത്തിനിടെയാണ് ബ്രഹ്മപുരം തീപിടിത്തം. 22ന് ഒരുമണിക്കൂറിലേറെ പണിപ്പെട്ടാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് അഗ്നിശമന സേന എത്തിച്ചേർന്നത്. ശക്തമായ കാറ്റ് വീശിയതിനാൽ തീയണയ്ക്കാനും സേന പാടുപെട്ടു. തീ വ്യാപകമായതോടെ കെടുത്താൻ വെള്ളമല്ലാതെ മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ കഴിയാതായി. ടാങ്കറുകളിൽ മണിക്കൂറുകളോളം വെള്ളം ചീറ്റിയതിന്റെ ഫലമായി പരിസരങ്ങളിൽ കനത്തപുക ഉയർന്നു. രാത്രി 12 മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്

 

തീ അണഞ്ഞെങ്കിലും മാലിന്യത്തിൽ നിന്നുയർന്ന പുക കൊച്ചി നഗരത്തെയും സമീപ പ്രദേശങ്ങളെയും വിഴുങ്ങി. ആദ്യ മണിക്കൂറിൽ 10 ഫയർ എൻജിനുകൾ എത്തിയപ്പോൾ ഇന്നലെ രാവിലെ 15 വാഹനങ്ങളെത്തി. തലേന്നു രാത്രി കത്തിത്തീർന്ന മാലിന്യത്തിനു മുകളിൽ നിന്നാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ.  പലപ്പോഴും കാറ്റിന്റെ ദിശയിൽ നിന്നു തീയണയ്ക്കേണ്ടി വന്നതോടെ കനത്ത പുക മൂലം അഗ്നിശമന സേനാംഗങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് 3 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളായാണ് അംഗങ്ങൾ പ്രവർത്തിച്ചത്.  ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഫയർസ്റ്റേഷനുകളിൽ നിന്ന് ഇരുന്നൂറിലധികം ജീവനക്കാർ പ്രവർത്തനങ്ങളിൽ പങ്കാളികളായി

 

വഴിയില്ലാതെ അഗ്നിരക്ഷാ സേന

 

ബ്രഹ്മപുരത്തു തീപിടിച്ച മേഖലകളിലേക്ക് സേനയ്ക്ക് എത്താൻ സാധിക്കാത്തതു വലിയ പ്രതിസന്ധിയായി. മാലിന്യ വാഹനങ്ങൾ പോകുന്ന ഇടുങ്ങിയ വഴി മാത്രമാണ് അഗ്നിരക്ഷാ സേനയ്ക്കും ആശ്രയം. ഒരു സമയത്ത് ഒരു വാഹനത്തിനു മാത്രമേ പോകാനാകൂ. ഏക്കർ കണക്കിന് സ്ഥലത്തു മാലിന്യം കൂടിക്കിടക്കുകയാണ്. സ്ഥലത്ത് അഗ്നിശമനസേനയുടെ 10 യൂണിറ്റുകളുണ്ട്. ആലുവ, പെരുമ്പാവൂർ, കല്ലൂർക്കാട്, തൃക്കാക്കര, പട്ടിമറ്റം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന യൂണിറ്റുകളാണ് തീയണയ്ക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റും ക്യാംപ് ചെയ്യുന്നുണ്ട്. പുകഞ്ഞുകൊണ്ടിരിക്കുന്ന ഭാഗങ്ങളിൽ മണ്ണിട്ടു മൂടാനുള്ള നടപടി വൈകിട്ട് ആരംഭിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന സമിതി അധ്യക്ഷൻ ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള സ്ഥലം സന്ദർശിച്ചു. ദുരന്ത നിവാരണ വിഭാഗം പ്രവർത്തകരും സ്ഥലത്തുണ്ട്.

 

പ്ലാസ്റ്റിക് കത്തുമ്പോൾ പടരുന്നത് മാരക വിഷം

 

പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിൽ കലരുന്നത് ഒട്ടേറെ വിഷവാതകങ്ങൾ. ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവയ്ക്കും കാരണമായേക്കാം. കണ്ണെരിച്ചൽ, ശ്വാസ തടസ്സം, തൊലിപ്പുറത്തെ എരിച്ചിൽ എന്നിവയാണ് ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. 

 

കാർബൺ മോണോക്സൈഡ് 

 

പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുള്ള വിഷ വാതകമാണ് നിറവും ഗന്ധവുമില്ലാത്ത കാർബൺ മോണോക്സൈഡ്. അന്തരീക്ഷത്തിൽ ചെറിയ തോതിൽ കാണപ്പെടുന്ന ഈ വാതകം അമിതമായി ശ്വാസകോശത്തിലെത്തുന്നത് മരണത്തിനു പോലും കാരണമായേക്കാം. ഇതു രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സീഹീമോഗ്ലാബിൻ എന്ന പദാർഥം ഉണ്ടാവുന്നു. ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നു പേശികളിലെത്തുന്നതിനെ തടയുന്നു. പ്ലാസ്റ്റിക്കിനേക്കാളുപരി വാഹനങ്ങളടക്കം മറ്റ് ഉപകരണങ്ങളിൽ നിന്നും കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലരുന്നുണ്ട്. ശ്വസിക്കുന്ന വായുവിൽ കാർബൺ മോണോക്സൈഡ് അളവു കൂടൂന്നതു പെട്ടന്നു ബോധക്ഷയം ഉണ്ടാക്കാം. ഈ സമയങ്ങളിൽ ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്യ തീ പിടിത്തങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തേത് ഉണ്ടാകില്ലായിരുന്നു എന്നു പി.ടി. തോമസ് എംഎൽഎ പറഞ്ഞു.