karaparabu-school

സംസ്ഥാനത്തെ ആദ്യ ഹരിത ക്യാംപസ് സ്കൂളായി മാറാനൊരുങ്ങി കോഴിക്കോട് കാരപ്പറമ്പ് ജി.എച്ച്.എസ്.എസ്. പന്ത്രണ്ട് കോടി ചെലവില്‍ അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കിയാണ് വികസനം. നവീകരിച്ച സ്കൂള്‍ മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

പന്ത്രണ്ട് വര്‍ഷം മുന്‍പ് തൊണ്ണൂറില്‍ താഴെ കുട്ടികളുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ സ്കൂളിന്റെ ഇപ്പോഴത്തെ അവസ്ഥ കാണേണ്ടതാണ്. പൊളിഞ്ഞുവീറായ കെട്ടിടത്തിന്റെ സ്ഥാനത്ത് മനോഹരമായ ബഹുനില മന്ദിരം. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, റിസപ്ഷന്‍ ലോഞ്ച്, ലാന്‍ഡ്സ്്സ്കേപ്പിങ്, ആംഫി തിയറ്റര്‍, ശുചിമുറികള്‍, തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള അടുക്കള വരെ ഇവിടെയുണ്ട്. മുപ്പത് കിലോ വാട്ട് ശേഷിയുള്ള സോളര്‍ പാനലും മഴവെള്ളസംഭരണിയും മാതൃകയാണ്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് നവീകരണം. 

 

ഇവിടേക്ക് ആവശ്യമുള്ള മുഴുവന്‍ വൈദ്യുതിയും സോളര്‍ പാനല്‍ വഴിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇപ്പോഴും പണികള്‍ നടക്കുന്നത് സോളര്‍ ഉപയോഗിച്ചാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്ന പ്രധാന സ്കൂളാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം വരുന്നത്. എംഎൽഎ പ്രദീപ് കുമാർ പറഞ്ഞു. 

 

സര്‍ക്കാര്‍ അനുവദിച്ച തുകയ്ക്കൊപ്പം പൊതുമേഖല സ്ഥാപനങ്ങളുടെയും വിവിധ ഏജന്‍സികളുടെയും സഹായത്താലാണ് വികസനം യാഥാര്‍ഥ്യമാക്കിയത്.  തൊണ്ണൂറില്‍ നിന്ന് എഴുന്നൂറിലധികം കുട്ടികളെന്ന നിലയിലേക്ക് ഉയര്‍ന്നതോടെ അക്കാദമിക് രംഗത്തും നൂറുമേനിയായി. വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഒത്തുചേരാനും പരിപാടി ആസ്വദിക്കാനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തും.