kozhikode-medical-clg-strike

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ഡോ.കഫീല്‍ ഖാനുമായുള്ള സംവാദം രാജ്യദ്രോഹപ്രവര്‍ത്തനമാക്കി ചിത്രീകരിച്ചതിനെതിരെ വിദ്യാര്‍ഥിപ്രതിഷേധം ശക്തമാകുന്നു. കോളജ് അധ്യാപകര്‍ തയാറാക്കിയ അന്വേഷണറിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് പരാതി. 

മെഡിക്കല്‍ കോളജ് ആശുപത്രി സമിതി തയാറാക്കിയ മിനിട്സിലാണ് സംവാദത്തെ രാജ്യദ്രോഹപ്രവര്‍ത്തനമായി വിലയിരുത്തിയത്. ഇത് പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കോളജിലെ ഒരു അധ്യാപകനെയും മുപ്പത് വിദ്യാര്‍ഥികളെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും രാജ്യദ്രോഹപ്രവര്‍ത്തനം നടന്നിട്ടില്ലെന്ന് കാട്ടി കോളജ്  അധ്യാപകര്‍ തയാറാക്കിയ അന്വേഷണറിപ്പോര്‍ട്ട് കൈമാറണം. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. 

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് കോളജ് യൂണിയന്റെ നേതൃത്വത്തില്‍ ഡോ. കഫീല്‍ ഖാനുമായുള്ള സംവാദപരിപാടി സംഘടിപ്പിച്ചത്.