parliament

ലോക്സഭാ തെരഞ്ഞെടുപ്പിനെ കേരളത്തില്‍ ശ്രദ്ധേയമാകുന്നത് മത്സരിക്കുന്ന എംഎല്‍എമാരുടെ സാന്നിധ്യമാണ്. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നുമായി ‌ഒമ്പത് എംഎല്‍എമാരാണ് ഡല്‍ഹിയ്ക്ക്  പോകാന്‍ തയാറെടുക്കുന്നത്.  

മറ്റു നേതാക്കള്‍ ഇല്ലാഞ്ഞിട്ടല്ല എല്‍ഡിഎഫും യുഡിഎഫും എംഎല്‍എമാരെ അങ്കത്തിനിറക്കുന്നത്. മണ്ഡലം നിലനിര്‍ത്താനും തിരികെപ്പിടിക്കാനും  ഇവര്‍ അനിവാര്യരാണെന്നുള്ള തിരിച്ചറിവാണ് ഇതിനു കാരണം.

എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ ആദ്യം യുഡിഎഫും കോണ്‍ഗ്രസും അത്ര അനുകൂലിച്ചിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ്  നിലവിലുള്ള എംഎല്‍എമാരെ  ലോക്സഭാ  തെരഞ്ഞെടുപ്പ് രംഗത്തിറക്കുന്നതിനോട് അവിയോജിപ്പ് പ്രകടിപ്പിച്ചില്ല. ആദ്യം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച സിപിഐ തങ്ങള്‍ക്കാകെയുള്ള നാല് സീറ്റില്‍ രണ്ട് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം സീറ്റില്‍  നെടുമങ്ങാട് എംഎല്‍എ സി ദ‌ിവാകരനും മാവേലിക്കരയില്‍ അടൂരിന്റെ പ്രതിനിധി ചിറ്റയം ഗോപകുമാറിനെയും സ്ഥാനാര്‍ഥികളാക്കി.

സിപിഎം പട്ടികയില്‍ നാല് എംഎല്‍എമാരെയാണ് ഉള്‍പ്പെടുത്തിയത്. ആലപ്പുഴ സീറ്റില്‍ എഎം ആരിഫും കോഴിക്കോട്  എ പ്രദീപ് കുമാറും, പൊന്നാനിയില്‍ പി വി അന്‍വറും സ്ഥാനാര്‍ഥികളായി. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെയും സിപിഎം രംഗത്തിറക്കി.

കരുത്തരായ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെയാണ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ട എന്ന നിലപാടില്‍ നിന്ന്  യുഡിഎഫ് അയഞ്ഞത്.

ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും എറണാകുളത്ത് സിറ്റിംഗ് എംപി കെ വി തോമസിനു പകരം ഹൈബി ഈഡനും സ്ഥാനാര്‍ഥികളായി . വടകര സീറ്റിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിപ്പിച്ചാണ് ഒടുവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മരുളീധരന്‍ വടകര പിടിക്കാനിറങ്ങുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ തീരില്ല. ഏതാനും  മണ്ഡലങ്ങളിലെങ്കിലും  ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നുറപ്പാണ്. ആ പോരാട്ടം ആരെത്തുണയ്ക്കുമെന്നതും കണ്ടറിയണം.