women-candidate

കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ സ്ഥാർഥി ചിത്രം ഏകദേശം തെളിഞ്ഞുകഴിഞ്ഞു. ഈ അവസരത്തിൽ എൽഡിഎഫിലും യുഡിഎഫിലുമായി നാലുവനിതകളാണ് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഗോദയിൽ മൽസരിക്കുന്നത്. എണ്ണത്തില്‍ കുറവെങ്കിലും മികവില്‍ മുന്‍പിലാണ് ഈ നാലു സ്ത്രീകളും. 

 

വീണാ ജോർജ്

 

സാധ്യതകളുണ്ടെങ്കിലും എന്നും പ്രവചനാതീതമായ മണ്ഡലമാണ് പത്തനംതിട്ട. പത്തനംതിട്ടയിൽ വീണാ ജോർജിനെ മൽസരിപ്പിക്കുന്നതിലൂടെ ആറന്മുളയിലെ വിജയചരിത്രം ആവർത്തിക്കാനാണ് എൽഡിഎഫിന്റെ ശ്രമം. 

 

ആറന്മുളയിൽ നിയമസഭാ മണ്ഡലത്തിൽ വീണാ ജോർജിനെ ഇറക്കി വിജയിച്ച അതേ തന്ത്രം തന്നെയാണ് സിപിഎം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലും ലക്ഷ്യമിടുന്നത്. പരമ്പരാഗതമായുള്ള യുഡിഎഫ് വോട്ട് സങ്കേതങ്ങളിലേക്ക് കടന്നുചെല്ലുകയാണ് തന്ത്രം. മണ്ഡലത്തിലെ ഭൂരിപക്ഷ വോട്ടുകേന്ദ്രങ്ങളായ ന്യൂനപക്ഷ വോട്ടുകളിലാണ് ഇടതുമുന്നണി കണ്ണുവയ്ക്കുന്നതെന്ന് ചുരുക്കം.

 

ശബരിമല ഉൾപ്പടെയുള്ള എതിർ ഘടകങ്ങളിൽ തൊടാതെ വികസനത്തിൽ ഊന്നിയുള്ള പ്രചാരണമാണ് വീണാ ജോർജ് നടത്തുന്നത്. 

പുതിയ കാലത്തെ വോട്ടർമാർക്ക് വികസനത്തെക്കുറിച്ചാണ് ചർച്ച വേണ്ടതെന്നും ആ ചർച്ചയിൽ യുഡിഎഫിന്റെ വോട്ട് ഇളക്കാമെന്നും ഇടതുമുന്നണി പത്തനംതിട്ടയിൽ പയറ്റുന്ന തന്ത്രം.

 

പതിറ്റാണ്ടുകളായി വികസനമെത്താതെ കിടന്ന ആറൻമുളയിൽ താൻ എത്തിയതിന് ശേഷം വന്ന വികസനത്തെ അക്കമിട്ട് നിരത്താനും വീണാ ജോർജ് മടിക്കുന്നില്ല. സാധാരണ ഒരു നിയമസഭാ മണ്ഡലത്തിൽ 5 വർഷം കൊണ്ട് 30 കോടിയുടെ റോഡ് വികസനമാണ് ഉണ്ടാകുന്നതെങ്കിൽ 2 വർഷം കൊണ്ട് 350 കോടിയാണ് റോഡ് വികസനത്തിന് എത്തിച്ചതെന്ന് വീണ പറയുന്നു. 

 

അധ്യാപിക, മാധ്യമപ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തും രാഷ്ട്രീയഗോദയിലേക്ക് എത്തിയ വീണയ്ക്ക് മുതൽക്കൂട്ടാണ്. ആറന്മുളയിൽ മൽസരത്തിനിറങ്ങുമ്പോൾ രാഷ്ട്രീയ അടവുകൾ അത്രയൊന്നും പരിശീലിച്ചിട്ടില്ലാത്ത വീണ ഇത്തവണ ഇറങ്ങുന്നത് എംഎൽഎയുടെ അനുഭവസമ്പത്തും കൊണ്ടാണ്. 

 

പി.കെ ശ്രീമതി

 

സ്ഥാനാർഥിത്വം മുൻപേ ഉറപ്പിച്ച ശ്രീമതി 5 വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ബോർഡുകളുമായി പ്രചാരണത്തിനു തുടക്കമിട്ടു കഴിഞ്ഞു. 2009ൽ 43,151 വോട്ടിനു യുഡിഎഫ് ജയിച്ച കണ്ണൂരിൽ 2014ൽ നേടിയ അട്ടിമറി വിജയം തന്നെയാണു ശ്രീമതിയുടെ അനുകൂലഘടകം. ചരിത്രത്തിലാദ്യമായി കണ്ണൂർ നഗരസഭയിൽ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടതും 35 വർഷത്തിനു ശേഷം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചതുമെല്ലാം ആ അട്ടിമറിക്കു ശേഷമായിരുന്നു. കണ്ണൂർ നഗരം കേന്ദ്രീകരിച്ചുള്ള ശ്രീമതിയുടെ പ്രവർത്തനങ്ങളും ഈ വിജയങ്ങൾക്കു പിന്നിലുണ്ടെന്നാണു പാർട്ടി വിലയിരുത്തൽ.

 

കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ 7 നിയമസഭാ മണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ, ധർമടം, തളിപ്പറമ്പ്, കണ്ണൂർ മണ്ഡലങ്ങളിൽ എൽഡിഎഫാണ് വിജയിച്ചത്. പക്ഷേ ഇതിൽ കണ്ണൂർ ഒഴികെയുള്ള 3 മണ്ഡലങ്ങളിൽ മാത്രമേ സിപിഎമ്മിനു നിർണായക സ്വാധീനമുള്ളു. അതിനാൽ രാഷ്ട്രീയേതര വോട്ടുകൾ കൂടി സമാഹരിച്ചാലേ വിജയിക്കാനാകൂവെന്നു പാർട്ടി കണക്കുകൂട്ടുന്നു. ഇതും ശ്രീമതിക്ക് അനുകൂലമായി. പരമ്പരാഗതമായി യുഡിഎഫിനെ പി‍ന്തുണച്ചിരുന്ന ചില വിഭാഗങ്ങളുടെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം ഉറപ്പാക്കിയതു ശ്രീമതി വഴിയായിരുന്നു.

 

 ശ്രീമതിയുടെ എതിരാളി കോണ്‍ഗ്രസിന്റെ കെ സുധാകാരനാണ്. ജില്ലയിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ പരാജയപ്പെടുത്താന്‍ ശ്രീമതിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി.  പാര്‍ട്ടിയുടെ ഉരുക്കുകോട്ടയില്‍ വിജയം നില നിര്‍ത്തുകയെന്ന ദൗത്യമാണ് ശ്രീമതിക്കുള്ളത്.

 

ഷാനി മോൾ ഉസ്മാൻ

 

ആലപ്പുഴയിൽ എൽഡിഎഫിന്റെ സ്ഥാനാർഥി എം.എ ആരിഫിനെതിരെയാണ് ഷാനിമോൾ മൽസരിക്കുന്നത്. ആദ്യമായി സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെ ഷാനി മോൾ മൽസരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അഭിഭാഷകയെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷാനിമോൾ ആലപ്പുഴയക്ക് സുപരിചിതയാണ്. 

 

ആലപ്പുഴ എസ്‌ഡി കോളജ് വിദ്യാർഥിനിയായിരിക്കേ 1983ലാണ് ഷാനിമോൾ കെഎസ്‌യുവിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയത്. പിന്നീട് ഒരു വ്യാഴവട്ടക്കാലത്തോളം കെഎസ്യു സംസ്‌ഥാന ഭാരവാഹിയായി. തുടർന്ന് കേരള സർവകലാശാലാ സെനറ്റ് അംഗമായ ഷാനിമോൾ എൽഎൽബി വിദ്യാർഥിനിയായിരിക്കേ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് വി.എസ്. അച്യുതാനന്ദന്റെ നാടായ പുന്നപ്രയിൽ സിപിഎം സ്‌ഥാനാർഥിയെ അട്ടിമറിച്ച് ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2000ൽ ആലപ്പുഴ നഗരസഭാധ്യക്ഷ ആകുമ്പോൾ ജില്ലയിൽ ഈ സ്‌ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഷാനിമോൾ.

 

2002 മുതൽ മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷയായിരുന്ന ഷാനിമോൾ അടുത്തിടെയാണ് ഈ സ്‌ഥാനമൊഴിഞ്ഞത്. നിലവിൽ എഐസിസി അംഗവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ മത്സരിച്ചിരുന്നു. 2009ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചെങ്കിലും നിരസിക്കുകയായിരുന്നു.  കേരളത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ എഐസിസി സെക്രട്ടറി കൂടിയാണ് ഷാനിമോൾ ഉസ്‌മാൻ. 

 

 

രമ്യ ഹരിദാസ്

 

അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാകുന്നു. ഇപ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. 29 മത്തെ വയസ്സിൽ ഈ പദവിയില്‍. രാഹുല്‍ കണ്ടെടുത്ത നേതാവ് എന്ന തലക്കെട്ടിലാകും രമ്യ വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഇടമുറപ്പിക്കുക.  

 

∙ ജവഹർ ബാലജനവേദിയിലൂടെ കടന്നു വന്ന് കെ എസ് യു വിലൂടെ വളർന്ന യൗവ്വനം

 

∙ യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് പാർലമെന്റ് സെക്രട്ടറി ആയി

 

∙ ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യാ കോർഡിനേറ്റർ 

 

∙ കോഴിക്കോട് നെഹ്‌റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവർത്തക അവാർഡ്.

 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 6 വർഷം മുന്‍പ് ഡൽഹിയിൽ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടി. 4  ദിവസമായി നടന്ന പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ രാഹുലിന്റെ അടക്കം ശ്രദ്ധ പിടിച്ചു പറ്റി. അങ്ങനെ രാഹുലിന്റെ പ്രത്യേക ടീമിൽ ഇടം. ഗാന്ധിയൻ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തു. 2012ൽ ജപ്പാനിൽ നടന്ന ലോകയുവജന സമ്മേളനത്തിൽ പങ്കെടുത്തു.

 

∙ ബി എ മ്യൂസിക് ബിരുധദാരി

 

∙ ജില്ലാ  സംസ്ഥാന സ്കൂൾ കലോൽത്സവ നൃത്ത സംഗീത വേദികളിൽ നിറഞ്ഞു നിന്ന കലാകാരി

 

∙ കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകൾ ആണ് രമ്യ ഹരിദാസ്.