muraleedharan-mass-entry

വടകരയിലെ യുഡിഎഫ് ചാവേർ ആരെന്ന് കാത്തിരുന്ന സിപിഎം പ്രവർത്തകർക്ക് മേൽ ഒരു സർജിക്കൽ സ്ട്രൈക്ക് തന്നെ നടത്തിയിരിക്കുകയാണ് കോൺഗ്രസ്. അത്രത്തോളം ആവേശമാണ് ഇൗ പ്രഖ്യാപനം കോൺഗ്രസ് പ്രവർത്തകർക്ക് നൽകുന്നത്. മലബാറിന്റെ നേതാവ് എന്ന ഖ്യാതിയിൽ അരങ്ങുവാണിരുന്ന വ്യക്തിയാണ് കെ. മുരളീധരൻ. രണ്ടുവട്ടം കോഴിക്കോടിന്റെ എംപി. ഗ്രൂപ്പ് രാഷ്ട്രീയം അരങ്ങുവാഴുന്ന കോൺഗ്രസിൽ ഏറെക്കുറേ ഇപ്പോള്‍ ഗ്രൂപ്പിന് അതീതമായി നിൽക്കുന്ന നേതാവ്. അങ്ങനെ പരിഗണിക്കാവുന്ന കാര്യങ്ങൾ കൂട്ടമായി ചേർത്തുവച്ചപ്പോൾ വടകരയിൽ ഇതുവരെ ചർച്ചയിൽ വരാത്ത പേരുകാരൻ സ്ഥാനാർഥിയായി.

മലബാറിന്റെ മണ്ണിൽ ആഴത്തിൽ വേരോട്ടമുള്ള നേതാക്കളിലൊരാളാണ് മുരളീധരൻ. പി. ജയരാജനെതിരെ ചാവേർ സ്ഥാനാർഥിയെ നിർത്താൻ പാടില്ലെന്ന പൊതുവികാരം ഹൈക്കമാൻഡിനും ഉണ്ടായിരുന്നു. ഇതോടെ ചർച്ചകളും നീണ്ടുപോയി. കോഴിക്കോട് എംപി ആയിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളും ഗ്രൂപ്പിന് അതീതമായ ഇമേജും ഒടുവിൽ മുരളീധരന് ഗുണം ചെയ്തു. പട്ടികയിലും ഭാവനയിലും പോലും കെ.മുരളീധരൻ എന്ന പേര് വടകരയിൽ കേട്ടിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ച് മുന്നേറുമ്പോഴെല്ലാം മുരളീധരൻ ഉൗന്നി പറഞ്ഞ വാചകം. ഇത് ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണെന്നാണ്. പി.ജയരാജന്റെ സ്ഥാനാർഥിത്വത്തിൽ ഏറെ പഴികേട്ടത് അക്രമരാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാണ്. കോൺഗ്രസും ബിജെപിയും ആർഎംപിയും അടക്കം ഏവരും പരസ്യമായി രംഗത്തെത്തിയത് വടകരയിലെ സിപിഎമ്മിന്റെ ഈ നീക്കത്തെ പരിഹസിച്ചായിരുന്നു. 

സിപിഎമ്മിന് നല്ല വേരോട്ടമുള്ള മണ്ണിൽ ടി.പി വധം മുൻപ് ഉണ്ടാക്കിയ ചലനം മുളീധരനെ പോലെ കടുത്ത സ്ഥാനാർഥിയെത്തുമ്പോൾ വീണ്ടും സജീവമാകും. അകമഴിഞ്ഞ പിന്തുണ ആർഎംപിയും നൽകുന്നതോടെ സിപിഎമ്മിന് പാട്ടുംപാടി ജയിക്കാം എന്ന ധാരണ പൊളിക്കേണ്ടിവരും. ഗ്രൂപ്പ് പോരുകൾ ഒതുങ്ങുകയും മുസ്​ലിം ലീഗിന്റെ വലിയ പിന്തുണ മുരളീധരൻ സ്വന്തമാക്കുകയും ചെയ്യും. ഇതോടെ വേറെ ആരു മൽസരത്തിന് വന്നാലും യുഡിഎഫിന് കിട്ടാത്ത പിന്തുണ മുരളി സ്വന്തമാക്കുമെന്ന് ഉറപ്പാണ്. എല്ലാ കോട്ടവും പരിഹസരിച്ചു കൊണ്ടുള്ള ഇൗ പ്രഖ്യാപനത്തിലൂടെ ഇതുവരെയുള്ള എല്ലാ വിവാദങ്ങളും കോൺഗ്രസ് മറികടക്കുകയാണ്.

വടകരയിൽ കെ. മുരളീധരൻ പി. ജയരാജനെ തോൽപ്പിച്ചാൽ മറ്റൊരു വെല്ലുവിളി കോൺഗ്രസിനെ തേടിയെത്തും. അത് വട്ടിയൂർക്കാവാണ്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയായ മുരളീധരൻ എംപിയായി ജയിച്ചു കയറിയാൻ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിയർക്കും. കാരണം ബിജെപി ശക്തമായ അടിത്തറയുണ്ടാക്കി കഴിഞ്ഞ മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. മുരളീധരനപ്പുറം ജനകീയനായ നേതാവിനെ വട്ടിയൂർക്കാവിൽ നിർത്തുക എന്നത് നിസാര വെല്ലുവിളിയല്ലെന്ന് സാരം.