ashitha-writer

പതിറ്റാണ്ടുകളായി അടക്കിവെച്ച ആത്മസംഘര്‍ഷങ്ങള്‍ പ്രിയപ്പെട്ട വായനക്കാര്‍ക്കായി തുറന്നിട്ട ശേഷമാണ് അഷിത മടങ്ങുന്നത്.  അന്യഭാഷകളിലെ മഹത്തായ സൃഷ്ടികള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമായത് അഷിതയുടെ വിവര്‍ത്തനമികവിലൂടെയാണ്. 

 

എഴുത്തിന്റെ വഴിയില്‍ അഷിതയുടെ സഞ്ചാരം എന്നും വേറിട്ടതായിരുന്നു. മാധവിക്കുട്ടിക്ക് ശേഷം മലയാളത്തില്‍ ശക്തമായ സ്ത്രീപക്ഷരചനകള്‍ ഉണ്ടായതും അഷിതയില്‍ നിന്നാണ്. മലയാളി സ്ത്രീജീവിതത്തിന്റെ നേര്‍ചിത്രമായിരുന്നു എഴുപതുകളിലെ അഷിതയുടെ കഥകള്‍. സ്ത്രീസമൂഹം പൊതുധാരയിലേക്ക് വരാത്തതിന്റെ നിരാശയും കൃതികളില്‍ കാണാം. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യയായ അഷിത ആത്മീയതയേയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. 

 

ജലാലൂദീന്‍ റൂമിയുടേത് ഉള്‍പ്പെടെ ആത്മീയത നിഴലിച്ച മറുഭാഷാസൃഷ്ടികളായിരുന്നു വിവര്‍ത്തനം ചെയ്തതിലേറെയും. അലക്സാണ്ടര്‍ പുഷ്കിന്റെ കവിതകളും ഹൈക്കു കവിതകളും ഉള്‍പ്പെടെ മികച്ച രചനകളും അഷിത മലയാളികളിലേക്ക് എത്തിച്ചു. 

 

സ്ഫോടനാത്മകമായ ആത്മകഥനത്തിന് അപൂര്‍ണവിരാമമിട്ടാണ് അഷിതയുടെ വിടവാങ്ങല്‍. വ്യക്തിജീവിതത്തിലെ കറുത്ത ഏടുകളെ കുറിച്ചുള്ള  തുറന്നുപറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അഷിത മയില്‍പ്പീലി സ്പര്‍ശം ഉള്‍പ്പെടെ മികച്ച ബാലസാഹിത്യരചനകളും സൃഷ്ടിച്ചു. ഡല്‍ഹിയിലും മുംൈബയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഷിതയുടേതായി, വിസ്മയ ചിഹ്നങ്ങള്‍ അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍ തുടങ്ങി ഇരുപതിലേറെ രചനകള്‍ പുറത്തിറങ്ങി. സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും അഷിതയെ തേടിയെത്തി.