adimali

അടിമാലിയിലെ ആദിവാസിക്കുടികളില്‍ കുടിവെള്ളം വറ്റുന്നു.  നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തട്ടേക്കണ്ണന്‍കുടിയില്‍ ആകെയുള്ള ആശ്രയം ചെറിയ നീരുറവകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ വേനല്‍ കടുത്തതോടെ അതിവേഗമാണ് കുടിവെള്ള സ്രോതസുകള്‍ വറ്റുന്നത്. അടിമാലി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ തട്ടേക്കണ്ണന്‍ ആദിവാസി ഊരിലേക്കാണ് യാത്ര. തകര്‍ന്ന വഴികള്‍ പിന്നിട്ട്  ജീപ്പിലാണ് അവിടെ എത്തിയത്. മുതുവാന്‍ ഗേത്രവര്‍ഗത്തില്‍പ്പെട്ട 87 കുടുംബങ്ങളാണ് ഇവിടെയുള്ളത്. വേനല്‍ കടുത്തതോടെ വെള്ളം വറ്റി. ആദിവാസി ഊരിലെ മുതിര്‍ന്ന സ്ത്രീകളായ കൊളന്തായും വള്ളിയുമെല്ലാം കുടിവെള്ളമെടുക്കാനുള്ള യാത്രയാണ്. രണ്ടുകിലോമീറ്ററോളം ഇങ്ങനെ നടന്നാലെ കുടിക്കാനെങ്കിലും വെള്ളം കിട്ടൂ. ഈ ഇത്തിരി വെള്ളം കെട്ടിനില്‍ക്കുന്ന തണ്ണിക്കുളമാണ് ഇവരുടെ കുടിവെള്ള സ്രോതസ്.

പഞ്ചായത്തിന്റെ പൈപ്പിലൂടെ കുറച്ച് കുടുംബങ്ങള്‍ക്ക് വെള്ളമെത്തുന്നുണ്ട്. എന്നാല്‍ പ്രളയകാലത്ത് കുറേ പ്രദേശത്തെ പൈപ്പുകള്‍ നശിച്ചു. ഉള്ള പൈപ്പുകളില്‍  വെള്ളം വല്ലപ്പോഴും മാത്രം. 

ഇങ്ങനെ വെള്ളം കോരിയെടുത്ത് തലച്ചുമടായി നടന്നു നീങ്ങുന്ന ഈ മനുഷ്യരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍, ഇവ്ര്‍ക്ക് കുടിവെള്ളമെങ്കിലുമെത്തിക്കാന്‍ ജനപ്രതിനിധികളും അദികൃതരും തയാറാകുന്നില്ലെന്നാണ് പരാതി.