രമ്യാ ഹരിദാസിനെതിരെ ദീപാ നിശാന്ത് കുറിച്ച പരിഹാസക്കുറിപ്പ് വലിയ വിവാദമായിരുന്നു. ദീപക്കെതിരെ കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയും രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലായി. ഇതിന് പിന്നാലെ എത്തിയ അനിൽ അക്കരെയുടെ പോസ്റ്റിൽ ആലത്തൂർ എൽഡിഎഫ് സ്ഥാനാർഥി പി.കെ ബിജുവിനെയും അനിൽ പരിഹസിച്ചിരുന്നു. ബിജു ഡോക്ടറേറ്റ് നേടിയത് കോപ്പിയടിച്ചാണോ എന്ന ചോദ്യമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇൗ ചോദ്യത്തിനാണ് ഇപ്പോൾ ബിജു വികാരഭരിതനായി മറുപടി നൽകിയിരിക്കുന്നത്.
‘മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ. ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്. ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം. പഠിച്ചു നേടിയതാണ് പൊരുതി നേടിയതാണ് തലമുറകൾ പകർന്നു നൽകിയതാണ് അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം.’ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു.
പി.കെ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ് ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്. കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു.പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകി.എനിക്ക് ഒരു മകളുണ്ട്. അഖില എന്നാണ് പേര്. നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്. നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം. മകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട്. സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹം
എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻ എന്റെ അച്ഛൻ മാത്രമായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു. പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻ. ആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്. ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം. പഠിച്ചു നേടിയതാണ് പൊരുതി നേടിയതാണ് തലമുറകൾ പകർന്നു നൽകിയതാണ് അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം...
അനിൽ അക്കരെയുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ:
എനിക്ക് ദീപ ടീച്ചറെക്കാൾ ബഹുമാനം അവരുടെ അച്ഛനോടാണ്. എനിക്ക് ഇങ്ങനെയെ കഴിയൂ, ഇത് ദീപ ടീച്ചറുടെ പിതാവ്, എനിക്ക് മാറ്റിപ്പറയാൻ കഴിയില്ല, ഇദ്ദേഹത്തെ ആദരിക്കുന്ന ദിവസം .രാവിലെ എന്നെ വിളിച്ച് ടീച്ചർ പറഞ്ഞത് കാൾ റെക്കോർഡ് പരിശോധിച്ചാൽ മനസ്സിലാക്കാം. പിന്നെ നാട്ടുകാരെ കേൾപ്പിക്കാത്തത് എന്റെ മര്യാദ. പിന്നെ നിങ്ങൾ കേരളത്തിലെ മികച്ച എംപിയുടെ വക്താവ് ആണെന്ന് ആ ശ്രദ്ധക്ഷണിക്കലിൽ നിന്ന് മനസ്സിലായി. ഒരു സംശയം ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ? അതിനുള്ള വളഞ്ഞ ബുദ്ധി നമ്മുടേതാണോ?
എന്തായാലും അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള ചില ബുദ്ധി എനിക്കും പറഞ്ഞ് തന്നിരുന്നല്ലോ? അത്തരത്തിൽ ഒരു ബുദ്ധിയാണോ ഇപ്പോൾ പി.കെ.ബിജുവിന് വേണ്ടി നടത്തുന്നത് .ഒരുകാര്യം ഉറപ്പ്. ബിജുതോൽക്കും. രമ്യജയിക്കും. തോൽക്കാൻ ബിജുവിന്. ഈ ടീച്ചർ മാത്രം മതി.