തിരുവനന്തപുരം ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന് തുടക്കമായി. ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ കുരിശുമലയിലേക്ക് തീര്‍ഥാടകരെ കടത്തിവിടാതെയാണ് തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംഘട്ട തീര്‍ഥാടനം ഞായറാഴ്ച സമാപിക്കും.
ബോണക്കാട് അമലോത്ഭവമാതാ ദേവാലയവും കണ്‍വന്‍ഷന്‍ സെന്ററും കേന്ദ്രീകരിച്ചാണ് ഇത്തവണ കുരിശുമല തീര്‍ഥാടനം. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കുരിശുമലയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ല. കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് തീര്‍ഥാടനം.
രാവിലെ ബോണക്കാട് എസ്റ്റേറ്റില്‍ നിന്നും പള്ളിയിലേക്ക് ജപമാല റാലി നടന്നു. കുരിശുമലയുടെ ചരിത്രത്തിന്റേയും കഴിഞ്ഞ വര്‍ഷം പൊലീസുമായുണ്ടായ സംഘര്‍ഷത്തിന്റെ ഫോട്ടോകളുടേയും പ്രദര്‍ശനം ഇക്കുറി ശ്രദ്ധേയമാണ്.
വരും ദിവസങ്ങളില്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് ബോണക്കാട്ടേക്ക് എത്തുക. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നിന്നുള്ള മതമേലധ്യക്ഷന്‍മാര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.