പൊതുതിരഞ്ഞെടുപ്പിന്റെ പ്രചരണം ലക്ഷ്യമിട്ട് കാസര്‍കോട് മണ്ഡലത്തില്‍ വൈവിധ്യമാര്‍ന്ന ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻറ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ എന്ന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചുവർചിത്ര ക്യാമ്പയിനാണ് ആരംഭിച്ചത്. കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിന്റെ മതിലിലാണ് സ്വീപ്പിന്റെ നേതൃത്വത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നത്.
തിരഞ്ഞെടുപ്പിന്റെയും, വോട്ടുചെയ്യേണ്ടതിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പിന്റെ പ്രവര്‍ത്തനം. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ഓര്‍മകള്‍ ജനങ്ങളില്‍ നിലനിര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വേറിട്ട ബോധവല്‍ക്കരണ തന്ത്രവുമായി സ്വീപ്പ് രംഗത്തെത്തിയത്.
കാസർഗോഡിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യവും കോർത്തിണക്കിയാണ് ചുവര്‍ചിത്രരചന നടത്തുന്നത്. വിവിധ ആവശ്യങ്ങൾക്കായി ആര്‍ഡിഒ ഓഫീസില്‍ എത്തുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം എളുപ്പത്തിൽ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍ ബുള്ളറ്റ് റാലികൾ, തെരുവ്നാടകങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സമ്മതിദാനാവകാശത്തെക്കുറിച്ച് ബോധവൽക്കരിക്കാന്‍ സ്വീപ്പ് നടത്തുന്നത്.