palarivattom-fly-over-closed

കൊച്ചി പാലാരിവട്ടം ഫ്ളൈ ഓവര്‍ അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചു. പാലത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി. ഇതോടെ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിലെ ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമാകും. 

ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് നല്‍കിയാണ് റോഡ്്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മേൽപ്പാലം അടച്ചത്. മേൽപ്പാലത്തിലെ വിള്ളലുകൾ ഇല്ലാതാക്കി, പാലം ബലപ്പെടുത്തുന്നത് അടക്കമുള്ള പണികളാണ് ഈ സമയം കൊണ്ട് പൂർത്തിയാക്കേണ്ടത്. 

റോഡ്്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ പാലം നിര്‍മിച്ച ആര്‍ ഡി എസ് കണ്‍സ്്ട്രക്ഷന്‍സിന് തന്നെയാണ് അറ്റകുറ്റപ്പണിയുടെ ചുമതലയും. 30 ദിവസത്തിനകം പണികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് പാലം തുറക്കാനാണ് തീരുമാനം. 

പാലത്തിനു ഇരുവശവുമുള്ള സർവീസ് റോഡിലൂടെയായാണ് വൈറ്റില ഇടപ്പള്ളി ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത്. 52 കോടി ചെലവിട്ട് പണിത പാലം 2016 ഒക്ടോബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 750 മീറ്റര്‍മാത്രം നീളമുള്ള പാലത്തിലൂടെ രണ്ടര കൊല്ലം വാഹനമോടിയപ്പോഴേക്കും മേല്‍പ്പാലത്തിന്റെ നിലനില്‍പ് തന്നെ ഭീഷണിയിലായി. 

നിര്‍മാണത്തില്‍ വരുത്തിയ ക്രമക്കേടാണ് മേല്‍പ്പാലത്തെ അപകടത്തിലാക്കിയതെന്ന് ആരോപണമുണ്ട്. കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈഒാവറുകളുടെ നിര്‍മാണം കാരണം നെട്ടൂര്‍ മുതല്‍ വൈറ്റില വരെ നിലവില്‍ മണിക്കൂറുകളാണ് ഗതാഗതം തടസപ്പെടുന്നത്. പാലാരിവട്ടം ഫ്ളൈഒാവര്‍ കൂടി അടച്ചതോടെ കടുത്ത ഗതാഗതകുരുക്കാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.