ഒറ്റപ്പാലത്തിന്റെ ടൂറിസം സാധ്യതകൾക്ക് പുതുവെളിച്ചമായി മനിശ്ശേരിയിൽ ജലധാര നൃത്തം. ഒരു കോടിയിലേറെ രൂപ മുടക്കി വൃന്ദാവൻ ഗാർഡൻ മാതൃകയിൽ സ്വകാര്യ വ്യക്തിയാണ് നാട്ടുകാർക്കായി വാട്ടര്‍ ഫൗണ്ടെയ്ന്‍ ഒരുക്കിയിരിക്കുന്നത്.
നാട്ടുകാര്‍ ഞരുവൻ കുളമെന്ന് വിളിച്ചിരുന്നയിടമാണ് അതിമനോഹരമായ കാഴ്ചയാകുന്നത്. സ്വകാര്യഭൂമിയില്‍ പായലും ചെളിയും നിറഞ്ഞ് ആരും ഉപയോഗിക്കാതെ കിടന്ന കുളത്തിനെ നാട്ടുകാരനും ബെംഗളുരുവിലെ വ്യവസായിയുമായ ബാബുരാജാണ് നവീകരിച്ചത്.
കുളം വില കൊടുത്തു വാങ്ങി സംരക്ഷിച്ചു. പിന്നീട് ഒരു കോടിയിലേറെ രൂപ മുടക്കി പൂർണമായും ഡിജിറ്റലൈസ് ചെയ്ത വാട്ടർ ഫൗണ്ടെയ്ന്‍ ഒരുക്കി. ഇമ്പമാർന്ന സംഗീതത്തിനൊപ്പം ജലധാരയുടെ മനോഹരനൃത്തം ആകര്‍ഷകമാണ്. നാട്ടുകാർക്ക് വേണ്ടി ബാബുരാജ് സമര്‍പ്പിച്ചു.
വർണാഭമായ കാഴ്ച ആസ്വദിക്കാൻ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നായി നൂറിലധികം പേര്‍ എത്തുന്നു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട മലയാള സിനിമയുടെ തറവാടെന്ന് അറിയപ്പെടുന്ന വരിക്കാശേരി മനയ്ക്കു സമീപമാണ് വാട്ടർ ഫൗണ്ടെയ്ൻ.