police-postel-vote

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിലെ പൊലീസ് അസോസിയേഷന്റെ അട്ടിമറി അന്വേഷിക്കാന്‍ രണ്ട് ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു. അതേസമയം അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഇനിയും നടപടിയില്ല.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അട്ടിമറിയുടെ ആഴം കണ്ടെത്താനാണ് സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‌ദേശിച്ചത്.  ക്രൈംബ്രാഞ്ചിന്റെ രണ്ട് പ്രത്യേക സംഘങ്ങളെയാണ് ഈ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ തെളിവ് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി T.U. ഉല്ലാസ് അന്വേഷിക്കും. ഇതോടൊപ്പം പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും നല്‍കിയ പരാതികളടക്കം പോസ്റ്റല്‍ വോട്ടിനേക്കുറിച്ച് പൊതുവായി ഉയര്‍ന്ന പരാതികളെല്ലാം തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. K.S. സുദര്‍ശന്റെ നേതൃത്വത്തിലെ സംഘവും അന്വേഷിക്കും. തെളിവുകള്‍ പരസ്പരം പൊരുത്തപ്പെടുകയാണങ്കില്‍ ഇരു കേസുകളും ഒരുമിച്ച് അന്വേഷിക്കാനും ഡി.ജി.പി നിര്‍ദേശിച്ചു. 

അതേസമയം പ്രാഥമികമായി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഐ.ആര്‍ ബറ്റാലിയനിലെ കമാന്‍ഡോ വൈശാഖിനെ പ്രതിചേര്‍ത്ത് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്. ഇതോടെ ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ പ്രകാരം വൈശാഖിനെ സസ്പെന്‍ഡ് ചെയ്തു. ബാലറ്റുകള്‍ ശേഖരിക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെന്ന് കാണിച്ച് വാട്സാപ്പ് ഗ്രൂപ്പില്‌ ശബ്ദസന്ദേശം അയച്ചത് വൈശാഖായിരുന്നു. പൊലീസ് അസോസിയേഷന്‍ സംസ്ഥാന നേതാവിന്റെ ബന്ധുവായ വൈശാഖ് മുഖ്യമന്ത്രിയുടെയും മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെയും സുരക്ഷാ സ്റ്റാഫിലും അംഗമായിരുന്നു.