ഇലഞ്ഞിത്തറ മേളത്തില്‍ ആവേശം പകരാന്‍ അന്തിക്കാട് നിന്ന് ഇരുപതംഗ വാദ്യ കലാകാരന്‍മാരുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഈ സംഘം ഇലഞ്ഞിത്തറ മേളത്തില്‍ അണിനിരക്കുന്നു.
ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനുള്ള പരിശീലനത്തിലാണ് ഇവര്‍- അന്തിക്കാട്, മണലൂര്‍, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ള വാദ്യ കലാകാരന്‍മാര്‍, ഇലഞ്ഞിത്തറ മേളത്തില്‍ രണ്ടു പതിറ്റാണ്ടായി പങ്കെടുക്കുന്നവര്‍, പെരുവനം കുട്ടന്‍മാരാര്‍ക്കൊപ്പം വാദ്യ വിസ്മയം തീര്‍ക്കുന്നവര്‍.
അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യ കലാസമിതിയാണ് ഇവരുടെ തട്ടകം. ഈ വാദ്യകലാ സമിതിയില്‍ നിന്ന് ഇതിനോടകം നൂറ്റിയന്‍പതോളം വാദ്യകലാകാരന്‍മാര്‍ പഠിച്ചിറങ്ങി. വാദ്യകലയില്‍ കഴിവു തെളിയിച്ചവരാണ്. ഒരു പൂരം കൂടി വന്നെത്തുമ്പോള്‍ ഇവര്‍ ഏറെ സന്തോഷത്തിലാണ്. വടക്കുന്നാഥന്‍റെ മണ്ണില്‍ ഇലഞ്ഞിമര ചുവട്ടില്‍ പാണ്ടിമേളം കൊട്ടാന്‍ കാത്തിരിക്കുന്നു.
250 വാദ്യകലാകാരന്‍മാര്‍ പങ്കെടുക്കുന്ന മേളമാണ് ഇലഞ്ഞിത്തറയിലേത്. ഇവരെ പോലെ പല ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വാദ്യകലാകാരന്‍മാര്‍ ഇലഞ്ഞിമര ചുവട്ടില്‍ എത്തുമ്പോള്‍ പാണ്ടിമേളത്തില്‍ ഒന്നിക്കും. പാണ്ടിമേളത്തിന്‍റെ രൗദ്ര ഭാവം ഇവരുടെ കൈകളില്‍ ഭദ്രമാണ്. ഒരിക്കല്‍ക്കൂടി ഇലഞ്ഞിത്തറ മേളത്തില്‍ വിസ്മയം തീര്‍ക്കാന്‍ അന്തിക്കാടന്‍ സംഘം വരും.