തൃക്കരിപ്പൂരിലെ റീപോളിങ് വൈകിപ്പിച്ചത് തന്റെ വിജയം അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്ന് യു.ഡി.എഫ് സ്ഥാനാര്ഥി രാജ്മോഹന് ഉണ്ണിത്താന്. പ്രചാരണത്തിനുള്ള അവസരം നിഷേധിച്ചു. ഇടതുമുന്നണിയാണ് ഇതിനു പിന്നിലെന്നും ഉണ്ണിത്താന് ആരോപിച്ചു. അതേസമയം കാസർകോട് കണ്ണൂർ മണ്ഡലങ്ങളിൽ റീ പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും വോട്ടു വിഹിതം ഉയരുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികളും, മുന്നണികളും.
തൃക്കരിപ്പൂരിലെ നാൽപത്തിയെട്ടാം നമ്പർ ബൂത്തിലെ റീ പോളിങ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നിലപാട് മാറ്റിയത് കോണ്ഗ്രസ് നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന ഭയംമൂലമാണെന്ന് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന് മനോരമ ന്യൂസിനോട് പറഞ്ഞു . കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന നടപടിയാണ് കമ്മിഷന്റേതെന്നും അദ്ദേഹം ആരോപിച്ചു.
കള്ളവോട്ട് ആരോപണമുയർന്നിടത്തെല്ലാം റീപോളിങ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെങ്കിലും, നിയമ ലംഘനം നടത്തിയവർക്കെതിരെ നടപടി എടുക്കാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു എൻ ഡി എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിന്റെ പ്രതികരണം.
റീ പോളിങ് ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പാമ്പുരുത്തി ബൂത്തിലെ വോട്ടർമാരെ ബോധ്യപ്പെടുത്തുമെന്ന് ഇടതു മുന്നണി സ്ഥാനാർഥി പി കെ ശ്രീമതി പറഞ്ഞു. ലീഗാണ് പാമ്പുരുത്തിയെ കള്ളവോട്ട് ചെയ്ത് അപമാനിച്ചതെന്ന നിലപാടിലാണ് സ്ഥാനാർഥി.
അതേസമയം പാമ്പുരുത്തിയില്‍ കള്ളവോട്ട് നടന്നുവെന്നത് അംഗീകരിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതികരിച്ചു.ലീഗിന്റെ അഭിമാനപോരാട്ടമാണ് പാമ്പുരുത്തിയിലെ റീപോളിങെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.