പതിമൂന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെയാണ് നായകള്‍ ജീവിക്കുക. ജനിച്ച ഉടനെതന്നെ നായകളെ തിരഞ്ഞെടുപ്പ് പൊലീസ് സംഘം പരിശീലിപ്പിക്കും. ജനിച്ച് ഒരു വര്‍ഷം കഴിയുമ്പോഴേയ്ക്കും പൊലീസില്‍ ഡ്യൂട്ടി തുടങ്ങും ഈ നായകള്‍. അഞ്ചു മുതല്‍ എട്ടു വരെയാണ് സര്‍വീസ്. പിന്നെ, വിരമിക്കും. പ്രായാധിക്യമുള്ള നായകളെ പിന്നെ ഏറ്റെടുക്കാന്‍ ആളുണ്ടാകില്ല. സ്വകാര്യ നായ വളര്‍ത്തല്‍ കേന്ദ്രങ്ങളിലാണ് ഇവയെ പാര്‍പ്പിക്കാറുള്ളത്. പൊലീസിന്റെ ഡ്യൂട്ടിയെ ഏറെ സഹായിച്ചുള്ള നായകളുടെ വിരമിക്കല്‍ ജീവിതം ദുരിതമാണെന്ന് മേലുദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ഡി.ജി.പി.: ലോക്നാഥ് ബെഹ്റയുടെ സ്വപ്ന പദ്ധതിയായിരുന്നു വിരമിച്ച നായകള്‍ക്ക് സുഖവാസ കേന്ദ്രം. അങ്ങനെയൊരു സുഖവാസ കേന്ദ്രം തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നിര്‍മിച്ചു. വിരമിച്ച ഏഴു പൊലീസ് നായകളെ ഈ കേന്ദ്രത്തിലേക്ക് മാറ്റി. സുഖവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഡി.ജി.പി.: ലോക്നാഥ് ബെഹ്റയെത്തി.
ഫാനും ടി.വിയും നീന്തല്‍ക്കുളവും
രണ്ടു ഡസന്‍ നായകളെ പാര്‍പ്പിക്കാവുന്ന വെവ്വേറെ മുറികളാണ് ഒരുക്കിയിട്ടുള്ളത്. കോമണ്‍ വരാന്ത വേറെ. മുറിയില്‍ ഇരുന്നു ബോറടിച്ചാല്‍ വരാന്തയില്‍ ചുറ്റിനടക്കാം. കാറ്റുകൊള്ളാം. ഇനി, അതും ബോറടിയാണെങ്കില്‍ കളിക്കാന്‍ സ്ഥലമുണ്ട്. കളിച്ചു മതിയായാല്‍ ടി.വി കാണാം. ഇഷ്ടമുള്ള ചാനല്‍ കാണാം. രണ്ടു സഹായികള്‍ ഓരോ നായകള്‍ക്കും ഉണ്ടാകും. ഇരുപത്തിനാലു മണിക്കൂറാണ് ഈ സഹായികളുടെ ഡ്യൂട്ടി. ഇതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ നായകള്‍ക്കു വേണമെങ്കില്‍ നീന്തിതുടിക്കാം. വയറു നിറയെ ഭക്ഷണം. സെല്ലിനകത്ത് വെള്ളം കുടിക്കാന്‍ പ്രത്യേക സംവിധാനം. ചൂണ്ട്, ഈ ഉപകരണത്തില്‍ തൊട്ടാല്‍ മതി വെള്ളം താനേ വായിലേക്ക് വീഴും. വയസായി തീരെ വയ്യാതാകുമ്പോള്‍ വെള്ളം കുടിക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാം.
കൊതുകും ഈച്ചയും ശല്യപ്പെടുത്താതിരിക്കാന്‍ പ്രത്യേക ഉപകരണം മുറിയ്ക്കുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. കളിക്കാനായി പന്ത് ഉള്‍പ്പെടെയുള്ളവ ഓരോ മുറിക്കുള്ളിലുമുണ്ട്. എല്ലാ ദിവസവും മുറി അടിച്ചുവാരി വൃത്തിയാക്കാന്‍ വേറെ ജീവനക്കാര്‍. എല്ലാം കൊണ്ടും, വിരമിച്ച നായകള്‍ക്ക് സുഖവാസ കേന്ദ്രമാണിത്. പൊലീസിനെ സഹായിക്കാന്‍ ഓടിച്ചാടി നടന്ന നായകളെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ഇടം. ഒരുപക്ഷേ, വിരമിച്ച പൊലീസുകാര്‍ക്കു പോലും ഇത്രയും സുഖസൗകര്യങ്ങള്‍ കാണില്ല.
നായകളുടെ സുഖവാസകേന്ദ്രത്തിന്റെ വിഡിയോ കാണാം.