upputhara-village

ഇടുക്കി ഉപ്പുതറ വില്ലേജില്‍  സര്‍ക്കാര്‍ വിതരണം ചെയ്ത ഭൂമിയിലടക്കം ക്രയവിക്രയങ്ങള്‍ തട‍ഞ്ഞ റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ നാട്ടുകാര്‍ സമരത്തിലേക്ക്.  പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കേരള ഭൂപരിഷ്ക്കരണ നിയമം 81 പ്രകാരം ഇളവ് അനുവദിച്ച തോട്ടം ഭൂമി തരം മാറ്റി എന്ന് കാട്ടി 2015 ഫെബ്രുവരി 23-നാണ് ക്രയവിക്രയം തടഞ്ഞ് ലാന്റ് റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാൽ ഭൂപരിഷ്ക്കരണ നിയമം പ്രാബല്യത്തിൽ വരുന്നതിന് 50 വർഷം മുൻപ് വിലക്ക് വാങ്ങി കരമടച്ച് കൃഷി നടത്തിവന്നിരുന്ന ഭൂമിയിലാണ്  വിലക്കെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇതോടെ 600-ൽ അധികം കർഷകരും, വ്യാപാരികളും, നാട്ടുകാരുമെല്ലാം കടുത്ത പ്രതിസന്ധിയിലായി. ഏതാനും പേർ കരമടക്കാനും, പോക്കുവരവ് നടത്തുന്നതിനും കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി. എന്നാൽ ഇതും തടഞ്ഞ് കൊണ്ടാണ് റവന്യുമന്ത്രിയുടെ ഓഫീസ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉപ്പുതറ വില്ലേജിലെ കരം സ്വീകരിക്കുന്നതും, പോക്കുവരവ് നടത്തുന്നതുമടക്കം തടഞ്ഞ് കൊണ്ട് റവന്യുമന്ത്രിയുടെ ഓഫീസിൽ നിന്നുമുണ്ടായ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 

 2015-ലെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയതോടെ കർഷകർ പ്രതിഷേധം തുടങ്ങിയിരുന്നു. സർക്കാർ നിദേശ പ്രകാരം അന്ന് ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി ബോധ്യപ്പെടുകയും, 1970-ന് മുൻപ് മുറിച്ച് വിറ്റ തോട്ടം ഭൂമിയിൽ നിയമതടസമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു നടപടിയും പിന്നീട് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു