‘നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ? നിങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണ്..’ മഹാപ്രളയത്തിൽ കേരളം മുങ്ങിതാണപ്പോൾ കരുത്തായി ഒപ്പം നിന്ന ഒരു വലിയ കൂട്ടത്തോട് കലക്ടർ വാസുകി പറഞ്ഞ വാക്കുകളാണിത്. അന്ന് സൈബർ ലോകത്ത് വൈറലായിരുന്നു ഇൗ വാക്കുകൾ. പ്രളയക്കെടുതിയിലും ജനം തലയാട്ടി സമ്മതിച്ച നേതൃഗുണത്തെ വീണ്ടും ചർച്ചയാക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഒരു കലക്ടർ അവധിയെടുക്കുന്നതിൽ എന്താണ് പ്രത്യേകത എന്ന് ചോദിക്കുന്നവർക്ക് വാസുകിയുടെ പ്രവൃത്തി ദിനങ്ങളാണ് മറുപടി. കലക്ടറായി ഇരുന്ന സമയത്തെല്ലാം അത്രത്തോളം ജനങ്ങൾക്കൊപ്പം നിന്നിരുന്നു എന്നതിന്റെ തെളിവാണ് വാസുകിയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ ലഭിക്കുന്ന കമന്റുകൾ. ‘മാഡം നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു...’ ഒരുപക്ഷേ വാസുകിയുടെ മനസ് നിറയ്ക്കുന്ന വാക്കുകളുടെ പ്രളയമാണ് പേജിൽ.
വാസുകി എന്ന ജനകീയ കലക്ടർ
പ്രളയക്കാലത്ത് കേരളം ഏറെ ചർച്ചചെയ്ത പേരുകാരിൽ ഒരാളായിരുന്നു വാസുകി. പ്രളയം വലിയ നാശം വിതയ്ക്കാതിരുന്ന തിരുവനന്തപുരം ജില്ലയുടെ കലക്ടർ എങ്ങനെ വാർത്തയായി എന്ന ചോദ്യത്തിന് വാസുകി എന്ന വ്യക്തിയുടെ പ്രവൃത്തി തന്നെയാണ് മറുപടി. കേരളത്തില്‍ അങ്ങോളമിങ്ങോളം ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കല്‍ സൗകര്യങ്ങളുമുള്ള കിറ്റുകള്‍ വിതരണം ചെയ്തു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും മുന്നിലുണ്ടായിരുന്നു വാസുകി. പ്രളയത്തില്‍ നിന്നും കേരളം കരകയറിയപ്പോൾ ഇൗ സേവനത്തെ വാനോളം മലയാളി പ്രശംസിച്ചു. ആ സ്നേഹം തിരിച്ചറിഞ്ഞതു കൊണ്ടാണ്അവധിയില്‍ പ്രവേശിക്കുമ്പോള്‍ വാസുകി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
2008ലാണ് വാസുകി സിവിൽ സർവീസിലെത്തുന്നത്. മധ്യപ്രദേശ് കേഡറിലായിരുന്നു നിയമനം. സഹപാഠിയായിരുന്ന ഡോ. എസ്.കാർത്തികേയൻ കൂടി സിവിൽ സർവീസിൽ എത്തിയശേഷം 2013ൽ ഇരുവരും കേരള കേഡറിലേക്കു മാറുകയായിരുന്നു. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിട്ടായിരുന്നു വാസുകിയുടെ ആദ്യനിയമം. മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിനു വഴികാട്ടുന്ന പ്രവർത്തനങ്ങൾക്ക് അവര്‍ നേതൃത്വം നല്‍കി. താരതമ്യേന ശ്രദ്ധിക്കപ്പെടാത്ത ഒരു വകുപ്പായിരുന്നിട്ടും വാസുകി ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്കു വലിയ സംഭാവനകളാണ് അക്കാലത്ത് നല്‍കിയത്. ഇന്നും കേരളം നന്ദിയോടെ ഓര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍.