sugathakumari-13-06

മരണാനന്തരം മതപരമായ ചടങ്ങുകളും സർക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് പ്രഖ്യാപിച്ച് കവയത്രി സുഗതകുമാരി. മരണശേഷം മൃതദേഹത്തിൽ ഒരു പൂവ് പോലും വെക്കരുതെന്നും പൊതുദർശനങ്ങൾ വേണ്ടെന്നും അവർ വ്യക്തമാക്കി. മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നും സുഗതകുമാരി ഒരഭിമുഖത്തിൽ വ്യക്തമാക്കി. 

 

മരിച്ചശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നതെന്ന് സുഗതകുമാരി ചൂണ്ടിക്കാണിച്ചു. അത്തരം പുഷ്പങ്ങൾ തന്റെ ദേഹത്ത് വെയ്ക്കുന്നത് ഇഷ്ടമല്ലെന്നും അവർ വ്യക്തമാക്കി. 

 

ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്‌നേഹം മാത്രംമതിയെന്നും സുഗതകുമാരി വിവരിച്ചു. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.

 

ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണെന്നും സഞ്ചയനവും പതിനാറും വേണ്ടെന്നും കവയത്രി വ്യക്തമാക്കി. പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും സുഗതകുമാരി പറഞ്ഞു.