miss-shaped-egg-1

TAGS

 

പ്ലാസ്റ്റിക്ക് കൊണ്ട് മുട്ട നിര്‍മിക്കാമോ ? സമീപകാലത്ത് മലയാളികളില്‍ ഏറെ ആശങ്കയുണ്ടാക്കിയ പ്രചാരണമാണ് കടകളില്‍നിന്ന് വാങ്ങുന്നത് പ്ലാസ്റ്റിക് മുട്ടയാണെന്നത്. ഭക്ഷ്യാസുരക്ഷാവകുപ്പ് പഠനവും അന്വേഷണവും നടത്തി പ്രചാരണം കള്ളമാണെന്ന് സ്ഥാപിക്കുകയും ചെയ്തു. എങ്കിലും പല വലുപ്പത്തിലും രൂപത്തിലുമുള്ള കോഴിമുട്ടകള്‍ കാണുമ്പോള്‍ ചിലരെങ്കിലും വാങ്ങാന്‍ മടിക്കും. പ്ലാസ്റ്റിക് മുട്ടയെന്ന വ്യാജപ്രചാരണം മനസിലേക്കെത്തുന്നതോടെ പലരും മുട്ട വാങ്ങതെ മടങ്ങുകയും ചെയ്യും.

 

പ്ലാസ്റ്റിക് മുട്ടയുണ്ടോ ?

 

സംസ്ഥനത്ത് നാലുരൂപാമുതല്‍ ആറ് രൂപാവരെയാണ് സാധാരണ കോഴിമുട്ടകള്‍ക്ക് ഈടാക്കുന്ന വില. തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും മുട്ടകള്‍ കേരളത്തിലെത്തുന്നത്. സ്വഭാവിക മുട്ടയ്ക്ക് ഈ വില നല്‍കണമെങ്കില്‍ പ്ലാസ്റ്റിക് മുട്ടയുടെ ഉല്‍പാദന ചിലവ് എത്രയായിരിക്കും ?. ഏകദേശം നാല്‍പത് രൂപാ വരുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്രയും മുതല്‍ മുടക്കി പ്ലാസ്റ്റിക് മുട്ടയുണ്ടാക്കി ആറ് രൂപയ്ക്ക് ആര് വില്‍പന നടത്തും ?. ചൈനയില്‍നിന്ന് പ്ലാസ്റ്റിക് മുട്ട ഇറക്കുമതി ചെയ്യുന്നുവെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു. ഇനി എല്ലാ കണ്ണുകളും വെട്ടിച്ച് പ്ലാസ്റ്റിക് മുട്ട വിപണിയിലെത്തി അത് ആരെങ്കിലും വാങ്ങി കഴിച്ചുവെന്നിരിക്കട്ടെ, പ്ലാസ്റ്റിക്കിന്റെ അംശമുള്ളതിനാല്‍ ചവച്ചിറക്കാന്‍ കഴിയില്ല. വിഴുങ്ങിയാല്‍ ആമാശയം ദഹിപ്പിക്കില്ല. കൂടാതെ ഉദരസംബന്ധമായ രോഗങ്ങളും ഉണ്ടാകും.

 

എന്താണ് സംശയങ്ങള്‍ക്ക് കാരണം ?

 

മിസ് ഷേയ്പ്ഡ് മുട്ടകള്‍ എന്ന പ്രതിഭാസമാണ് സംശയങ്ങളുടെയല്ലാം അടിസ്ഥാനം. സാധാരണ ഓവല്‍ ഷേപ്പിലാണ് മുട്ടകളുണ്ടാകറെങ്കിലും വിരളമായി രൂപം മാറിപോകാറുണ്ട്. നീളം കൂടിയും ഉരുണ്ടുമെല്ലാം മുട്ട ലഭിക്കും. ചിലതിന്റെ പുറത്ത് ചുളിവുകളും പുള്ളിക്കുത്തുകളും കാണാം. ഇവയെല്ലാം ചേര്‍ന്നുവരുന്ന മുട്ടകള്‍ സാധാരണ ഉല്‍പാദകര്‍ വിപണിയിലെത്തിക്കാറില്ല.

 

 എന്നാല്‍ ചില വ്യാപാരികള്‍ ഈ മുട്ട വാങ്ങി വിലക്കുറവില്‍ വില്‍ക്കാറുമുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന മുട്ടകള്‍ നല്ല മുട്ടകള്‍ക്കൊപ്പം വ്യാപാരം നടത്തുന്നുവരുമുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ എന്നിവ കുറഞ്ഞാലും കൂടിയാലും കോഴികള്‍ക്ക് ശാരീരിക, മാനസിക അസ്വസ്തതകള്‍ ഉണ്ടായാലും മുട്ടകളില്‍ രൂപമാറ്റമുണ്ടാകും. വലിയ ഫാമുകളില്‍ കഴിയുന്ന കോഴികളില്‍ മാനസിക, ശാരീരിക പ്രശ്നങ്ങള്‍ കൂടുതലായി ഉണ്ടാകാനും സാധ്യതയുണ്ട്. 

 

മുട്ടക്കോഴിയുടെ അണ്ഡാശയം പൂർണ വളർച്ചയെത്താതും മിസ് ഷേയ്പ്ഡ് പ്രതിഭാസത്തിന് കാരണമാകുന്നു. ചിലപ്പോള്‍ ഉരളന്‍ വിരകളും മുട്ടയ്ക്കുള്ളില്‍ കാണാം. ഇതിനെല്ലാം പുറമെ മുട്ടിയിട്ട് തുടങ്ങുന്ന കോഴികളില്‍നിന്നും പ്രായമായ കോഴികളില്‍നിന്നും മിസ് ഷേയ്പ്ഡ് മുട്ട ലഭിക്കാറുണ്ട്. 

 

മിസ് ഷേയ്പ്ഡ് മുട്ടകള്‍ ഭക്ഷ്യയോഗ്യമോ ?

 

ഇത്തരം മുട്ടകള്‍ കഴിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും ആഹാരത്തില്‍നിന്ന് മാറ്റി നിറുത്തന്നതായിരിക്കും ഉചിതമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നേര്‍ത്ത മുട്ടതോടുള്ളതിനാല്‍ ഒള്ളിലേക്ക് ബാക്ടീരികള്‍ കയറിക്കൂടാം. ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിമാറാനും ഇടയുണ്ട്. 

 

(വിവരങ്ങള്‍ക്ക് കടപ്പാട്: പി.കെ.ഏലിയാമ്മ, അസിസ്റ്റന്‍റ് കമ്മിഷണര്‍, ഭക്ഷ്യസുരക്ഷാവകുപ്പ്, കോഴിക്കോട്. ഡോ.ജോസഫ് കുര്യാക്കോസ്, ഫുഡ് സേഫ്റ്റി ഓഫിസര്‍, ബേപ്പൂര്‍ സര്‍ക്കിള്‍ )