ksrtc-elephant-attack

ആനയും ആനവണ്ടിയും നേരിട്ട് ഏറ്റുമുട്ടിയ വാർത്തയാണ് വയനാട് ബത്തേരിയിൽ നിന്നും പുറത്തുവരുന്നത്. ബത്തേരി– പുൽപള്ളി റൂട്ടിലെ പാമ്പ്ര വനമേഖലയിൽ കെഎസ്ആർടിസി ബസിനു നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം. ബസിലുണ്ടായിരുന്ന യാത്രക്കാർ ബഹളം വച്ചതോടെ ആന പിന്തിരി‍ഞ്ഞു. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികർക്കു നേരെ കടുവ പാഞ്ഞടുത്ത പാമ്പ്ര വനമേഖലയിലാണ് ഇപ്പോൾ കാട്ടാനയും എത്തിയത്. ഇന്നലെ പുലർച്ചെ പെരിക്കല്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെയായിരുന്നു ആക്രമണം

ബസിന് മുന്നിലേക്ക് കടന്ന് വന്ന ആനയെ കണ്ട് ഡ്രൈവർ സതീഷ് ബസ് നിർത്തിയപ്പോൾ കൊമ്പൻ മുന്നോട്ടാഞ്ഞ് ബസിന്റെ ഗ്രില്ലിൽ കുത്തി. യാത്രക്കാർ ബഹളം വലച്ചതോടെ ആന പിന്തിരിഞ്ഞു. എന്നാൽ ബസ് മുന്നോട്ടെടുത്തപ്പോൾ വീണ്ടും പാഞ്ഞടുത്തു. ഈ റൂട്ടിൽ ആന സ്ഥിരമായി റോഡിലുണ്ടാവാറുണ്ടെങ്കിലും വാഹനങ്ങളെ ആക്രമിക്കുന്ന പതിവില്ല. ബസിന്റെ എയർ കൂളറിനും ഗ്രില്ലിനും കേട് സംഭവിച്ചതിനെത്തുടർന്ന് ബത്തേരി ഗാരിജിലെത്തിച്ച് യാത്രക്കാരെ വേറൊരു ബസിൽ കയറ്റി സർവീസ് തുടർന്നു. കഴിഞ്ഞ ദിവസം ഗുഡ്സ് ഓട്ടോയ്ക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. 

സംഭവത്തെ കുറിച്ച് കണ്ടക്ടർ രമേശ് പറയുന്നതിങ്ങനെ:

പുലർച്ചെ 5.15 ന് പുകലമാളത്തു വച്ചാണ് റോഡിന് നടുവിൽ കാട്ടുകൊമ്പൻ നിൽക്കുന്നത് കണ്ടത്. പെട്ടെന്ന് ആനയുടെ 50 മീറ്റർ അകലെ ബസ് നിർത്തി. ഉടൻ ബസിന് മുന്നിലേക്ക് കുതിച്ചെത്തിയ കാട്ടാന ചില്ലുകൾക്കു താഴെയുള്ള ഗ്രില്ലില്‍ കൊമ്പു കുത്തിയിറക്കി. വലിച്ചൂരിയ ശേഷം ഒന്നു കൂടി കുത്തി. 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൂട്ടനിലവിളിക്കിടെ ആന റോഡരികിലേക്ക് നീങ്ങി. ഡ്രൈവർ വണ്ടി എടുക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല

അപ്പോൾ കാട്ടാന വീണ്ടും ഓടിയെത്തി. ഷട്ടർ തുറന്നിരുന്ന ഡ്രൈവറുടെ ഭാഗത്തേക്കാണ് കൊമ്പു കുലുക്കിയെത്തിയത്. ഇതു കണ്ട് ഡ്രൈവർ ബസിനുള്ളിലേക്ക് ചാടിമാറി. പിന്നീട് ആന ബസിന് ചുറ്റും നടന്നു. ഷട്ടറിനിടയിലൂടെ കുത്തുമോ എന്നു ഭയന്ന് എല്ലാവരും നടുഭാഗത്തേക്ക് മാറി. 5 മിറ്റോളം കഴി‍ഞ്ഞ് ഡ്രൈവർ വീണ്ടും വണ്ടിയെടുത്തു. എന്നാൽ ഇന്റർകൂളർ പൊളിഞ്ഞ് വായു നിൽക്കാത്തതിനാൽ വണ്ടി സുഗമമായ രീതിയിൽ മുന്നോട്ടു നീങ്ങിയില്ല. പിന്നീട് സ്പീഡ് കുറച്ച് ബസ് ബത്തേരി ഡിപ്പോയിലേത്തിക്കുകയായിരുന്നു.