ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോന്നി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് സൂചന നല്‍കി അടൂര്‍ പ്രകാശ് എംപി. ഗ്രൂപ്പ് പരിഗണനയ്ക്കും, സാമുദായിക പരിഗണനയ്ക്കും അപ്പുറം വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ആകും പാര്‍ട്ടി പരിഗണിക്കുക. കോന്നി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിക്കാണ് തന്റെ പിന്തുണയെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി കോന്നിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നു.
കോന്നിയില്‍ ഇടതുമുന്നണിയില്‍ സീറ്റ് പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്ത അടൂര്‍ പ്രകാശിന്റെ നിലപാടാകും യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകം. സാമുദായിക പരിഗണനയും ജാതിസമവാക്യവും മുന്‍നിര്‍ത്തി ജില്ലയില്‍ നിന്നുള്ള പലനേതാക്കളും ചരടുവലിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അത് കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയില്ലെന്ന കാര്യമാണ് അടൂര്‍ പ്രകാശിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിന്‍ പീറ്ററിന്റെ പേരാകും അടൂര്‍ പ്രകാശ് പാര്‍ട്ടിയില്‍ അവതരിപ്പിക്കുകയെന്ന സൂചനയാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതുമുതല്‍ റോബിന്‍ പീറ്ററിന്റെ പേര് സജിവമാണ്. ജില്ലാപഞ്ചയത്ത് അംഗം എലിസബത്ത് അബുവിന്റെ പേരും സാധ്യതയിലുണ്ട്.
അതേസമയം ഉപതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് തുടങ്ങി. വി. പി. സജീന്ദ്രന്‍ എം.എല്‍.എയ്ക്കാണ് താല്‍ക്കാലീക ചുമതല. വിവിധ കമ്മറ്റികളുടെ രൂപീകരണത്തിനായി കോന്നിയില്‍ ഇന്നലെ യോഗം ചേര്‍ന്നു. 1996ല്‍ അടൂർ പ്രകാശിനെ ഇറക്കി മണ്ഡലം പിടിച്ച കോൺഗ്രസിന് പിന്നെയത് നഷ്ടപ്പെട്ടിട്ടില്ല.