lucifer-church

മോഹൻലാൽ നായകനായെത്തിയ ലൂസിഫർ സിനിമയിലെ  പൊട്ടിപ്പൊളിഞ്ഞ പഴയ ദേവാലയം ഇന്നങ്ങനെയല്ല. സിനിമയുടെ  അണിയറപ്രവർത്തകർ തന്നെ ഇടുക്കി ഉപ്പുതറയിലുള്ള പള്ളി പുതുക്കിനിർമിച്ചു  നൽകി. ചരിത്രമുറങ്ങുന്ന ദേവാലയം കാണാൻ നിരവധിയാളുകളാണ് എത്തുന്നത്.

ഇടുക്കിയുടെ കുടിയേറ്റ മേഖലകളിൽ ഒന്നായ ഉപ്പുതറയ്ക്കടുത്ത് ലോൺട്രി രണ്ടാം ഡിവിഷനിലാണ് ലൂസിഫർ സിനിമയിലെ പൊട്ടിപ്പൊളിഞ്ഞ  ദേവാലയം സ്ഥിതി ചെയ്യുന്നത്. സിനിമയിലുള്ളതുപോലെ  പൊട്ടിപ്പൊളിഞ്ഞ  ദേവാലയമല്ല ഇന്നിവിടെയുള്ളത്.  പരമ്പരാഗത രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഒരു മനോഹര ദേവാലയം.

ലൂസിഫർ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്ന മുറയ്ക്ക് നവീകരിച്ച  ദേവാലയം നാട്ടുകാർക്ക് തിരികെ നൽകാമെന്ന് അണിയറപ്രവർത്തകർ വാക്ക് നൽകിയിരുന്നു. അങ്ങനെ ആശിർവാദ് സിനിമാസ്  8 ലക്ഷം രൂപ ചിലവഴിച്ചാണ് പള്ളി മനോഹരമാക്കിയത്.

              1952 ഫെബ്രുവരി 15-ാം തീയതി ജെ.എം വിൽക്കിയെന്ന വിദേശിയാണ്  ഈ  ദേവാലയം സ്ഥാപിച്ചത്. സെന്റ്.ആൻഡ്രൂസ് സി.എസ്.ഐ ചർച്ചെന്നാണ് ദേവാലയം അറിയപ്പെടുന്നതെങ്കിലും വിവിധ  സഭകളിലെ വൈദീകർക്ക് കുർബ്ബാനയർപ്പിക്കാനാകുന്ന യൂണിയൻ ചർച്ചായിരുന്നു ഇത്. പിന്നീട് ഓരോ സഭകൾക്കും പുതിയ  ദേവാലയങ്ങൾ ആയതോടെ  ആരുമിങ്ങോട്ട് എത്താതായി. പള്ളി കാട്പിടിച്ച് നശിച്ചു, ഒടുവിൽ  ഡ്രാക്കുള പള്ളി എന്ന പേരും വീണു.

  20l6 - ൽ ദേവാലയത്തിൽ പുതിയ വികാരി ചാർജെടുത്തതോടെ വീണ്ടുമിവിടെ ആരാധന തുടങ്ങി.  ഇതിന് ശേഷമാണ് സിനിമ ഷൂട്ടിങ്ങിനായി അണിയറ പ്രവർത്തകർ പള്ളിക്കമ്മിറ്റിയെ  സമീപിച്ചത്. ഇതോടെ ദേവാലയത്തിന്റെ മറ്റൊരു പ്രൗഡ കാലത്തിനാണ് തുടക്കമായത്. 

ലൂസിഫർ  സിനിമയിലൂടെ ശ്രദ്ധേയമായ ദേവാലയവും, പരിസര പ്രദേശങ്ങളും കണ്ടാസ്വദിക്കാൻ നിരവധിയാളുകളാണ് ഇവിടേയ്ക്കെത്തുന്നത്.