pathanamthitta-sreekuttan

കനത്ത മഴയാണ്... ജില്ലാ കലക്ടർമാരുടെ ഓഫീസിലേക്കും വിദ്യാഭ്യാസ, മാധ്യമസ്ഥാപനങ്ങളിലേക്കുമെത്തുന്ന അഭ്യർഥനകളിൽ പലതും ക്ലാസ് മാറ്റിവെക്കാനുള്ള അപേക്ഷകളാണ്. പക്ഷേ, എല്ലാവരെയും തോൽപിക്കുന്ന മാതൃകയാണ് പമ്പയിലെ ശ്രീക്കുട്ടന്റേത്. പഠിക്കണമെന്ന മോഹമാണ് ഉള്ള് നിറയെ. തിമിർത്തു പെയ്ത മഴയും കോടമഞ്ഞും ശ്രീക്കുട്ടനു പ്രശ്നമേയല്ല. 

വന്യമൃഗങ്ങൾ ഏറെയുള്ള കാടിന്റ നടുവിൽ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിനോടു ചേർന്ന പാറക്കെട്ടിലാണ് രാവിലെ മുതലുള്ള കാത്തുനിൽപ്. സ്കൂൾ ബസ് വരുന്നതു കണ്ടാൽ പാറയിലൂ‌ടെ ചാടി ഒറ്റ ഓട്ടമാണ്. വേഗം സ്കൂളിൽ‌ എത്താൻ. 

അട്ടത്തോട്  കോളനി ട്രൈബൽ  എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശബരിമല വനത്തിലെ ആദിവാസികുടുംബത്തിൽ പെട്ട ശ്രീക്കുട്ടൻ. അച്ഛൻ കുഞ്ഞുമോൻ. മറ്റു മക്കൾക്ക് എഴുത്തും വായനയും അറിയില്ല. കാട്ടുകിഴങ്ങളും കായ്കനികളുമായിരുന്നു  ഇവരുടെ പ്രധാന ഭക്ഷണം. ഇത് കുറയുകയും മൃഗങ്ങളുടെ ശല്യം  കൂടുകയും ചെയ്തതോടെ  താമസം  കാട്ടിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അതിനാൽ കഴിഞ്ഞ വർഷം പൂർണമായും സ്കൂളിൽ പോകാൻ പറ്റിയില്ല. ട്രൈബൽ പ്രമോട്ടർമാർ നിരന്തരം കാട്ടിലെ ഇവരുടെ വാസസ്ഥലങ്ങളിൽ‌ കയറിയിറങ്ങിയാണ് കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. ഇത്തവണ അട്ടത്തോട് സ്കൂളിന് പെരിയാർ കടുവ സങ്കേതത്തിന്റെ വകയായി ബസ് വാങ്ങി നൽകിയതോടെ ശ്രീക്കുട്ടൻ വീണ്ടും സ്കൂളിൽ പോകാൻ തയാറായി. 

മകന്റെ പഠിക്കാനുള്ള മോഹത്തിന് ഒപ്പം കുഞ്ഞുമോനും നിന്നു.  ചാലക്കയം വനത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ  ശബരിമല പാതയ്ക്ക് അടുത്തുള്ള വനത്തിലേക്ക് താമസം മാറ്റി. ചാലക്കയത്തിനും  അട്ടത്തോടിനും മധ്യേ പാറക്കെട്ടുളള വളവിലാണ് പുതിയ സ്ഥാനം കണ്ടത്. പാറക്കെട്ടോടു ചേർന്ന വനത്തിൽ ടാർപ്പോളിൻ വലിച്ചു കെട്ടിയാണ് 5 അംഗ കുടുംബം താമസം. 

മഴ പെയ്യുമ്പോൾ  വെളളം ഒലിച്ചുവന്ന് ചെളിയാകുന്ന, വെറും പച്ചമണ്ണിട്ട തറയിലാണ് ഇവർ കിടക്കുന്നത്. പായ ഇല്ല. ആകെയുള്ളത് സന്നദ്ധസംഘടന വാങ്ങി നൽകിയ ടാർപ്പോളിനാണ്. അത് തറയിൽ വിരിക്കും. നാട്ടിൽ നിന്ന് സന്നദ്ധ പ്രവർത്തകർ  വല്ലപ്പോഴും എത്തി നൽകുന്ന അരിയും പയറുമാണ് മിക്കപ്പോഴും ഇവരുടെ  ഭക്ഷണം. സ്ഥിരമായി വീടില്ലാതെ കാട്ടിൽ അലഞ്ഞു നടക്കുന്ന ആദിവാസികളായതിനാൽ ഇവർക്ക് സർക്കാർ സഹായങ്ങളുമില്ല.