തൃശൂരിൽ ഗീത ഗോപി എം.എൽ.എ സമരം നടത്തിയിടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകം തളിച്ചത് വിവാദത്തിൽ . ജാതീയ ആക്ഷേപമാണെന്ന് കാട്ടി എം.എൽ.എ , പൊലീസിന് പരാതി നൽകി.
യൂത്ത് കോൺഗ്രസിന്റെ ഈ സമരം ജാതീയമായ അപമാനിക്കലാണെന് കാട്ടി ഗീത ഗോപി എം.എൽ.എ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചേർപ്പ്.... തൃപ്രയാർ റോഡ് നേരെയാക്കത്തതിനെതിരെയായിരുന്നു എം.എൽ.എയുടെ കുത്തിയിരിപ്പ് സമരം . കുഴിയടയ്ക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കൊപ്പം എം.എൽ.എ പോയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം അരങ്ങേറിയത്. റോഡ് നേരെയാക്കത്തതിന്റെ ജാള്യത മറയ്ക്കാൻ എം.എൽ.എ സമര നാടകം കളിച്ചെന്നായിരുന്നു യൂത്ത് കോൺഗ്രസ് ആരോപണം . എം.എൽ.എയുടെ സമരവേദിയിൽ ചാണകം തളിച്ചായിരുന്നു ഇവരുടെ പ്രതീകാത്മക സമരം. ഇത് ജാതീയമായി ഇകഴ്ത്തുന്നതിന് തുല്യമായെന്നാണ് ആക്ഷേപം. സമരക്കാരെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. കർശന നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി.
ചാണകം തളിച്ചവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് എ .ഐ .വൈ .എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. എം.എൽ.എയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.