milk-cow

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധിപ്പിച്ചേക്കും. വില വർധനവ് അനിവാര്യമാണെന്ന് കാട്ടി മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചു. കാലിത്തീറ്റയടക്കമുള്ളവയുടെ വില ഉയർന്നതാണ് വില വർധനവിന് കാരണമായി മിൽമ ചൂണ്ടിക്കാട്ടുന്നത്. 

കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വിലഗണ്യമായി ഉയർന്നതാണ് പാലിന്റെ വില കൂട്ടാൻ മിൽമയെ പ്രേരിപ്പിക്കുന്നത്. നിലവിലെ ചെലവും വരവും വെച്ചു നോക്കുമ്പോൾ ക്ഷീര കർഷകർക്ക്  മുന്നോട്ടു പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്.  വില വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുകയോ വേണമെന്നാണ് ആവശ്യം. 

വില വർധിപ്പിക്കുന്നതിനെപ്പറ്റി ശാസത്രീയമായി പഠിക്കാൻ ഒരു സമിതിയെയും മിൽമ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം സംഘം റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ലിറ്ററിന് എത്ര രൂപ വർധിപ്പിക്കണമെന്ന് തീരുമാനിക്കുക. ഓണത്തിന് ആവശ്യമായ പാൽ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും മിൽമ അധികൃതർ വ്യക്തമാക്കി.