wafa-sriram

മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ ശ്രീരാമിനെ കുടുക്കിയത് സഹയാത്രികയായ യുവതി വഫാ ഫിറോസിന്റെ മൊഴിയാണ്. ശ്രീറാം തന്നെയാണ് സംഭവസമയത്ത് കാറോടിച്ചതെന്നാണ് വഫ നൽകിയ മൊഴി എന്നാണ് വിവരം. ഫെയ്സ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കി. 

ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചെന്ന മൊഴി വഫ മജിസ്ട്രേറ്റിന്റെ മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ച് വാഹനമോടിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ വകവച്ചില്ല. അമിതവേഗമാണ് അപകടകാരണമെന്നും വഫയുടെ മൊഴി. വഫ ഫിറോസിനെ വിട്ടയക്കും.

ഇന്ന് പുലര്‍ച്ചെയാണ്  മദ്യലഹരിയില്‍  ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്  ദാരുണാന്ത്യമുണ്ടായത്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീറാണ് മരിച്ചത്. ക്ളബിലെ പാര്‍ട്ടികഴിഞ്ഞ്  പെണ്‍സുഹൃത്തിനൊപ്പം മടങ്ങവേ  മ്യൂസിയം റോഡില്‍ പബ്ലിക് ഓഫീസിന് മുമ്പിലാണ് അപകടം.

പുലര്‍ച്ചെ 12. 59ന്  കൊല്ലത്ത് ഒൗദ്യോഗിക ആവശ്യം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന കെ എം ബഷീറിന് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു.  പബ്ളിക് ഒാഫീസിനു മുമ്പില്‍ ബഷീര്‍ വാഹനം ഒതുക്കി നിര്‍ത്തി. 1.5ന് വെള്ളയമ്പലം ഭാഗത്ത് നിന്ന് ചീറിപ്പാഞ്ഞു വന്ന കാര്‍ ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചു. സമീപത്തെ മരത്തിലുരസി പോസ്റ്റും തകര്‍ത്ത്  നൂറു മീറ്റര്‍ മാറി  തെറിച്ചു വീണ ബൈക്കും  റോഡിലുടനീളം ചിതറിയ കാറിന്റെ ഭാഗങ്ങളും ആ ഇടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്ന് വിളിച്ചു പറയുന്നു. 

 

മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം ഒാടിച്ചത് ഐ എ എസ് ഒാഫീസര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസിനു വ്യക്തമായി. ഒപ്പമുണ്ടായിരുന്നത് കാറിന്റെ ഉടമയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ആയിരുന്നു. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്രീറാം. വാഹനം ഇല്ലാതിരുന്നതിനാല്‍ ശ്രീറാം തന്നെ വിളിച്ചുവെന്നും കവടിയാറില്‍ നിന്ന് കയറിയ ശ്രീറാമാണ് അമിത വേഗതയില്‍ വണ്ടിയോടിച്ചതെന്നുമാണ് വഫയുടെ മൊഴി. നിയമപാലകന്‍ തന്നെ നിയമലംഘകനായപ്പോള്‍ രണ്ടു കുഞ്ഞുങ്ങളുടെ പിതാവ് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് പൊലിഞ്ഞു പോയത്.