ആന ഏഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തിയ പൊലീസ് ആന പരിപാലന നിയമങ്ങൾ ലംഘിച്ചതായി പരാതി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറും ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐയുമാണ് പൊല്ലാപ്പിലായത്. എഴുന്നെള്ളിപ്പിനും പൊതുപരിപാടികൾക്കും കൊണ്ടു വരുമ്പോൾ ആനയുടെ ശരീരത്തിൽ ഒന്നാം പാപ്പൻ മാത്രമേ സ്പർശിക്കാൻ പാടുള്ളൂവെന്നു സർക്കാർ നിർദേശമുണ്ട്.
ത്യശൂർ തിരുവമ്പാടി ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് പരാതി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഹോം സെക്രട്ടറിക്കും നൽകിയത്.പൊലീസുകാർ ആനയുടെ കൊമ്പിൽ പിടിച്ചു നിന്ന ചിത്രം സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചെന്നാണ് പരാതി. ചെല്ലമംഗലം ക്ഷേത്രത്തിൽ ആനയൂട്ട് നടക്കവെ ക്രമസമാധാനപാലനത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പുലിവാലു പിടിച്ചത്
കോഴിക്കോട് വടകരയിൽ കല്യാണത്തിനായി കരുവഞ്ചാൽ ഗണേശൻ എന്ന മോഴ ആനയെ കൊമ്പുകൾ ഘടിപ്പിച്ച് പ്രദർശിപ്പിച്ചതിനെതിരെയും പരാതിയിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. കൃത്രിമ കൊമ്പ് വച്ച ആനയ്ക്ക് അതു മാറ്റാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല. ആന പട്ടിണിയായതിനാൽ വരനും വരന്റെ അച്ഛൻ, ആന ഉടമ എന്നിവർക്കെതിരെയും കേസെടുക്കണമെന്നു വെങ്കിടാചലം ആവശ്യപ്പെടുന്നു.