pinarayi-poster-fund

രണ്ടുവർഷത്തിനിടെയുണ്ടായ പ്രളയങ്ങൾ കേരളത്തിന്റെ നടുവൊടിച്ചപ്പോൾ ധൂർത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പിണറായി സർക്കാർ. മന്ത്രിസഭയുടെ  ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍  അച്ചടിക്കാന്‍ സർക്കാർ ചെലവാക്കിയത് ഒന്നരകോടിയിലധികം രൂപ. ‘ഇനി നവകേരളത്തിലേക്ക്’ എന്ന പേരില്‍ 75 ലക്ഷം കോപ്പികളാണ് സ്വകാര്യ പ്രസുകളില്‍ അച്ചടിച്ചത്. ആകെ ചെലവായ 1,34,67,784 രൂപയുടെ 50 ശതമാനമായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 50 ശതമാനം തുക നേരത്തെ അനുവദിച്ചിരുന്നു.

പ്രചാരണ പരിപാടികള്‍ക്കായി ഫോള്‍ഡര്‍ (ഇനി നവകേരളത്തിലേക്ക്-75 ലക്ഷം കോപ്പി), പോസ്റ്റര്‍ (ഒന്നാണ് നാം, ഒന്നാമതാണ് കേരളം - 14,000 കോപ്പി), പുസ്തകങ്ങള്‍( പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു ഇനി നവകേരള നിര്‍മാണം- 1,000 കോപ്പി),  നവകേരളത്തിന്റെ നയരേഖകള്‍(50 കോപ്പി), നവകേരളത്തിനായുള്ള നവോത്ഥാനം (100 കോപ്പി), അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനുവേണ്ടി പോസ്റ്റര്‍- അതിജീവനം (3,000 കോപ്പി), പുസ്തകം-അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് (2,000 കോപ്പി) എന്നിവ അച്ചടിക്കുന്നതിന് എംപാനല്‍ഡ് പ്രസുകളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു. സ്വകാര്യ പ്രസുകള്‍ നല്‍കിയ ഇന്‍വോയിസുകള്‍ അനുസരിച്ച് ഫോള്‍ഡറിന്റെ അച്ചടിക്കൂലിയുടെ 50 ശതമാനമായ 67,33,892 രൂപയും പോസ്റ്ററിന്റെ കൂലിയായ 85,400രൂപയും, പുസ്തകങ്ങളുടെ അച്ചടിക്കൂലിയായ 3,31,950 രൂപയും പ്രസുകള്‍ക്ക് അനുവദിച്ചു.

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റുമായി ബന്ധപ്പെട്ട് അച്ചടിച്ച പോസ്റ്റര്‍, പുസ്തകം എന്നിവയുടെ അച്ചടിക്കൂലി നല്‍കിയിയിരുന്നില്ല. പോസ്റ്റര്‍ അടിച്ച ഇനത്തില്‍ 19,550 രൂപയും അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നപേരില്‍ പുസ്തകം അച്ചടിച്ചതിന് 1,39,700 രൂപയുടെയും ഇന്‍വോയിസുകള്‍ പ്രസുകള്‍ സമര്‍പ്പിച്ചു. ഫോള്‍ഡറിന്റെ അച്ചടിക്കൂലിയിനത്തില്‍ ബാക്കി നല്‍കാനുള്ള 50 ശതമാനം തുകയും ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുകയും അനുവദിക്കണമെന്ന് പിആര്‍ഡി ശുപാര്‍ശ നല്‍കി. ഇതനുസരിച്ചാണ് ഫോള്‍ഡറിന്റെ ബാക്കി നല്‍കാനുള്ള 67,33,892 രൂപ അധികമായി വകയിരുത്താനും, ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുക അനുവദിക്കാനും ഉത്തരവിറങ്ങിയത്.