അംബാസിഡര്‍ കാറുകളെ സ്നേഹിക്കുന്നവര്‍ തൃശൂരില്‍ ഒത്തുകൂടി. അരനൂറ്റാണ്ടിനിടെ രാജ്യത്തിറങ്ങിയ വിവിധയിനം അംബാസിഡര്‍ കാറുകള്‍ തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് അണിനിരത്തിയായിരുന്നു ആദ്യ സംഗമം.
1958ല്‍ ഇറങ്ങിയ അംബാസിഡര്‍ കാര്‍. 2014ല്‍ ഇറങ്ങിയ ഇനം കാര്‍.... തുടങ്ങി വിവിധ ശ്രേണിയില്‍പ്പെട്ട കാറുകളാണ് തൃശൂരില്‍ അണിനിരത്തിയത്. തമിഴ്നാട്ടില്‍ നിന്നു വരെ അംബാസിഡര്‍ കാറോടിച്ച് തൃശൂരില്‍ സംഗമത്തിന് എത്തിയവരുണ്ട്. തിരുവനന്തപുരത്തു നിന്നും കാസര്‍കോടു നിന്നും ആളുകള്‍ കാറോടിച്ച് എത്തി. അംബാസിഡര്‍ കാറുകളെ സ്നേഹിക്കുന്നവര്‍ക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചിരുന്നു. ഇതുവരെ, 250 പേര്‍ അംഗങ്ങളായി. കൈവശമുള്ള കാറുകള്‍ പരസ്പരം കാണാന്‍ വേദി ഒരുക്കുകയായിരുന്നു തൃശൂരിലെ സംഗമം.
കൂട്ടായ്മ വിപുലമാക്കാനാണ് നീക്കം. കൂടുതല്‍ പേരെ അംഗങ്ങളാക്കും. പലകാലഘട്ടങ്ങളില്‍ ഇറങ്ങിയ അംബാസിഡര്‍ കാറുകള്‍ പൊന്നുപോലെ നോക്കുന്നവരെ ഒരുകുടക്കീഴില്‍ അണിനിരത്തുകയാണ് സംഘാടകരുടെ ലക്ഷ്യം.