കോന്നിയിൽ നിർമാണം പൂർത്തീകരിക്കുന്ന മെഡിക്കൽ കോളേജിന്റെ പേരിൽ രാഷ്ട്രീയയുദ്ധം മുറുകുകയാണ്. പത്തനംതിട്ട ജില്ലയിൽ ആദ്യമായെത്തുന്ന സർക്കാർ മെഡിക്കൽ കോളേജ്, സ്വന്തംനേട്ടമായി ഉയർത്തികാട്ടിയാണ് മുന്നണികൾ പ്രചാരണം നടത്തുന്നത്. ഇനിയും പ്രവർത്തനമാരംഭിക്കാത്ത സ്ഥാപനം വോട്ട് കൊണ്ടുവരുമെന്ന പ്രതീക്ഷയാണ് മുന്നണികൾക്ക്.
കോന്നിയുടെ വികസനസ്വപ്നങ്ങൾക്ക് പുതുചിറക് നൽകിയ പദ്ധതിയാണ് മെഡിക്കൽ കോളേജ്. ജില്ലയിൽ ആദ്യത്തേത്. മുന്നൂറു കിടക്കകളോടെ, അടുത്തവർഷം മാർച്ചിൽ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. പക്ഷെ, കാലംതെറ്റി വന്ന ഈ വോട്ടുകാലത്ത് കോന്നി ഏറെ ചർച്ചചെയ്യുന്ന വിഷയവും ഇതേ മെഡിക്കൽ കോളേജ് ആണ്. എല്ലാ മുന്നണികളും തങ്ങളുടെ പങ്ക് അവകാശപ്പെട്ടു രംഗത്തുണ്ട്. മുൻ എംഎൽഎ കൂടിയായ അടൂർ പ്രകാശ് വഹിച്ചെന്ന് പറയുന്ന പങ്കിനെ ചോദ്യംചെയുന്ന സിപിഎം, ആശുപത്രിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നു.
എന്നാൽ, കോന്നി മെഡിക്കൽ കോളേജിനെതിരെ നിലപാട് സ്വീകരിച്ച ഇടതുനേതാക്കൾ ഇപ്പോൾ ഉന്നയിക്കുന്നത് വെറും അവകാശവാദം മാത്രമാണെന്നും, ഇത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചാരണമാണെന്നും യുഡിഎഫ് തിരിച്ചടിക്കുന്നു.