aroor-24

അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്ത മണ്ഡലം. എക്സിറ്റ്പോളുകള്‍ ഏറ്റവുമധികം ആകാംക്ഷ പ്രവചിച്ച മണ്ഡലം– അരൂരിലേക്കു കണ്ണുനട്ടിരിക്കുകയാണു രാഷ്ട്രീയ കേരളം. സംസ്ഥാനത്തെ രണ്ടു പ്രധാന എക്സിറ്റ് പോളുകളും അരൂരിൽ പ്രവചിച്ചിരിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അതിൽത്തന്നെ അൽപം സാധ്യത കൂടുതലുള്ളത് എല്‍ഡിഎഫിനും. എന്നും ചുവപ്പിനോടു പ്രിയം കാണിച്ചിരുന്ന അരൂരിൽ അങ്ങനെ സംഭവിച്ചില്ലെങ്കിലേ ആശ്ചര്യമുള്ളൂ. പക്ഷേ ചുവപ്പൻ കോട്ട പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ യുഡിഎഫ്. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാനെ കൈവിട്ടെങ്കിലും അരൂർ നിയമസഭാ മണ്ഡലം ഒപ്പം നിന്നു. 648 വോട്ടുകളുടെ ഭൂരിപക്ഷമാണ് അരൂരിൽ ഷാനിമോൾ സ്വന്തമാക്കിയത്. ഈ നേട്ടം കൂടി പരിഗണിച്ചായിരുന്നു അരൂരിൽ ഇത്തവണ ഷാനിമോളെത്തന്നെ സ്ഥാനാർഥിയാക്കിയതും. പ്രതീക്ഷിച്ചതു പോലെത്തന്നെ അങ്കത്തട്ടിൽ തീപാറി. എൽഡിഎഫ് സ്ഥാനാർഥിയായി മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു മത്സരരംഗത്ത്. മൂന്നു മുന്നണികൾക്കും ഏറെ പ്രതീക്ഷ പകർന്ന് ജനം കൂട്ടമായെത്തി വോട്ടും ചെയ്തു. അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ്ങും അരൂരിലായിരുന്നു– 80.47. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ വീഴ്ചയിൽനിന്ന് എഴുന്നേൽക്കുക എന്നത് എൽഡിഎഫിന് അഭിമാനപ്രശ്നമായിരുന്നു ഇത്തവണ. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് നാലഞ്ചു മാസത്തിനിടയിൽ രാഷ്ട്രീയം പിന്നെയും മാറിയെന്നും ഇടതുപക്ഷത്ത് വോട്ടിന്റെ കുന്ന് വീണ്ടുമുയർന്നിട്ടുണ്ടെന്നും അവർ കണക്കു കൂട്ടുന്നു. പാലായിൽ ദിക്കുമാറി വീശിയ കാറ്റ് അരൂർ വരെയെത്തുമെന്ന പ്രതീക്ഷയുമുണ്ട് എൽഡിഎഫിന്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയുടെ കോട്ടയിലുണ്ടാക്കിയ ഇത്തിരി വിള്ളൽ വളർത്താൻ നന്നായി അധ്വാനിച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇത്തവണത്തെ ഫലം കാത്തിരിക്കുന്നത്. തുടക്കത്തിലെ പ്രശ്നങ്ങൾക്കു ശേഷം എൻഡിഎ പ്രചാരണവും വൈകാതെ ട്രാക്കിലായിരുന്നു. 

ഇടതിനൊപ്പം നിന്ന അരൂർ

 

1957ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും (1965, 1967, 1970, 1980, 1982, 1987, 1991, 2006, 2011, 2016) അരൂർ ഇടത്തേക്കാണു ചാഞ്ഞത്. വലത്തേക്കു ചിന്തിച്ചപ്പോഴാകട്ടെ, രണ്ടു തവണ (1996, 2001) യുഡിഎഫിലായിരുന്ന ഗൗരിയമ്മയ്ക്കൊപ്പവും ഒരു തവണ (1977) കോൺഗ്രസിന്റെ പിന്തുണയോടെ ഗൗരിയമ്മയെ തോൽപിച്ച സിപിഐക്ക് ഒപ്പവുമായിരുന്നു അരൂർ.

 

ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പുകളിൽ മാത്രമാണ് (1957, 1960) നിയമസഭയിൽ അരൂരിൽ നിന്നുള്ള കോൺഗ്രസ് പതാക പാറിയത്. ചേർത്തലയിൽ നിന്നു കെ.ആർ.ഗൗരിയമ്മ അരൂര‍ിലേക്കു ചുവടുമാറ്റിയത് 1965ൽ ആണ്. ആ തവണ നിയമസഭ ചേർ‍ന്നില്ല. അന്നു മുതൽ 11 തിരഞ്ഞെടുപ്പുകളിൽ ഗൗരിയമ്മ അരൂരിൽ മത്സരിച്ചപ്പോൾ 9 തവണയും അരൂർ മാറിച്ചിന്തിക്കാതെ ഗൗരിയമ്മയെ പിന്തുണച്ചു. 1977, 2006 തിരഞ്ഞെടുപ്പുകളിലാണ് ഗൗരിയമ്മയെ അരൂർ കൈവിട്ടത്. 

 

മുഖം കാക്കാൻ മുഖ്യൻ

 

അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ ഫലം വരുമ്പോൾ ഇത്തവണ അരൂരാണ് സർക്കാരിന്റെ മുഖം കാക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റ് ആണ് അരൂർ. അതുകൊണ്ടു തന്നെ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും അരൂരിലെ ഫലമെന്ന് ആരെക്കാളും നന്നായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നു. രണ്ടുദിവസം പൂർണമായും അരൂർ കേന്ദ്രീകരിച്ച് പ്രചാരണത്തിനായി മുഖ്യമന്ത്രി ചെലവിട്ടതും വെറുതെയല്ല. പൊതുപര‍ിപാടികൾ കുറച്ച്, വോട്ട‍ിനെ സ്വാധീനിക്കാൻ കഴിയുന്ന പ്രമുഖരുമായി കൂടിക്കാഴ്ചകൾക്കായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയത്. 

മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗങ്ങളായ മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങളും സജീവമായിരുന്നു. ഓരോ ബൂത്തും കേന്ദ്രീകരിച്ച് പ്രധാന നേതാക്കളെ നിയോഗിച്ചായിരുന്നു പ്രവർത്തനം. സർക്കാരിന്റെ ക്ഷേമപദ്ധതികളും അരൂരിലെ പദ്ധതികളുമൊക്കെ എൽഡിഎഫ് ഉയർത്തിക്കാട്ടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ‘സഹായം’ വോട്ടെണ്ണലിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയ‍ുമുണ്ട് എൽഡിഎഫിന്.

 

അടിമുടി മാറിയ യുഡിഎഫ്

 

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും അരൂരിലെ പ്രവർത്തനങ്ങൾ പതിവിനു വ്യത്യസ്മായിരുന്നെന്ന് എതിരാളികളെക്കൊണ്ടു പോലും പറയിക്കും വിധമായിരുന്നു ഇത്തവണ പ്രചാരണം. അരൂർ യുഡിഎഫിന്റെയും അഭിമാനപ്രശ്നമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലേറ്റ പരാജയത്തിലും അരൂ‍രിൽ നേടിയ ഭൂരിപക്ഷം  ഉയർത്തിക്കാട്ടിയത് അതുകൊണ്ടാണ്. അരൂർ ഉൾപ്പെടെ ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളും പിടിച്ചെടുത്താൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കാൻ പോകുന്ന മേൽക്കൈ ആണു മറ്റൊന്ന്. റോഡുപണിയും പൂതന പ്രയോഗവുമടക്കം പ്രചാരണത്തിനിടെ വീണുകിട്ടിയ വിഷയങ്ങൾ സജീവ ചർച്ചയായി നിലനിർത്താനും യുഡിഎഫിനു കഴിഞ്ഞിരുന്നു.

ഒന്നിന്റെ ചൂടാറുമ്പോഴേക്കും അടുത്തത് എന്ന കണക്കിലായിരുന്നു പ്രചാരണത്തിനിടയിൽ വിവാദങ്ങളുടെ വരവ്. ചട്ടം ലംഘിച്ചെന്നു പറഞ്ഞു റോഡുപണി തടയൽ‍, മന്ത്രിയുടെ പൂതന പ്രയോഗം, വാഗ്ദാനങ്ങളുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും വീടുകയറുന്നെന്ന ആരോപണം, ഇടതുസ്ഥാനാർഥിയുടെ തറവാടിനെതിരെ വയലാർ വെടിവയ്പുമായി ബന്ധപ്പെട്ട് ആരോപണം, ബിജെപി നേതാവിന്റെ വീട്ടിൽ സിപിഎം നേതാക്കളുടെ സന്ദർശനം, സിപിഎം നേതാവിന്റെ താമസസ്ഥലത്തിനു സമീപം യുഡിഎഫിന്റെ പ്രചാരണം വിലക്കിയെന്ന ആരോപണം എന്നിങ്ങനെ പലതുമുണ്ടായി. പ്രാദേശിക വികസനവും ശബരിമലയുമൊക്കെ പറഞ്ഞാണു പ്രചാരണം തുടങ്ങിയതെങ്കിലും പിന്നീട് വിഷയങ്ങൾ മാറിമാറിവന്നു. 

 

അട്ടിമറിക്കു കോപ്പുകൂട്ടി എൻഡിഎ

 

എൻഡിഎയുടെ പ്രധാന നേതാക്കളെല്ലാം അരൂര‍ിലെത്തി പ്രചാരണത്തിനു നേതൃത്വം നൽകിയിരുന്നു. അവസാന ദിവസങ്ങളിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും പ്രചാരണത്തിനെത്തി. ബിഡിജെഎസ് എൻഡിഎ വിടുമെന്ന എതിരാളികളുടെ പ്രചാരണത്തിനു മറുപടി നൽകാനും എസ്എൻഡിപി യോഗം ഒപ്പമുണ്ടെന്ന പ്രതീതി ജനിപ്പിക്കാനും ഇതുവഴി കഴിഞ്ഞിരുന്നു. ശബരിമല വിഷയം ഇത്തവണയും ചർച്ചയാക്കി നിർത്താൻ എൻഡിഎ ശ്രമിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രം ചെയ്യേണ്ടത് ചെയ്തില്ലെന്ന വിമർശനം യുഡിഎഫും ഉയർത്തി.  

മണ്ഡലത്തിലെ വികസനം മൂന്നു മുന്നണിയും ഇത്തവണ ചർച്ചയ്ക്കു വച്ചിരുന്നു. എൽഡിഎഫിന്റെ കണക്കിൽ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവയായിരുന്നു. 2,000 കോടി രൂപയുടെ വികസനം എന്നു വരെ അവകാശപ്പെട്ടു. കല്ലിടലുകൾ മാത്രമേ നടക്കുന്നുള്ളൂ എന്നും യുഡിഎഫ് ഭരണകാലത്താണ് എന്തെങ്കിലും നടന്നതെന്നും യുഡിഎഫിന്റെ തിരുത്തൽ ശ്രമവുമുണ്ടായി. വന്നതു പലതും കേന്ദ്ര പദ്ധതികളാണെന്ന് എൻഡിഎയും വാദിച്ചു.

അരൂർ മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം ആകെ നാലു പേർ മാത്രമേ ഇവിടെ നിന്നു നിയമസഭയിലേക്കെത്തിയിട്ടുള്ളു. കോൺഗ്രസിൽ നിന്നു പി.എസ്.കാർത്തികേയൻ (രണ്ടുതവണ), സിപിഎമ്മിൽ നിന്നും പിന്നീട് ജെഎസ്എസിൽ നിന്നും കെ.ആർ.ഗൗരിയമ്മ (9 തവണ), സിപിഐയിൽ നിന്നു പി.എസ്.ശ്രീനിവാസൻ (ഒരുതവണ), സിപിഎമ്മിൽ നിന്ന് എ.എം.ആരിഫ് (3 തവണ). ആരാണ് അരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്ന അഞ്ചാമത്തെയാൾ എന്നതിന്റെ ഉത്തരവും ഇത്തവണത്തെ വോട്ടെണ്ണൽ വെളിപ്പെടുത്തും.