joy-mathew-03-11

മാവോയിസ്റ്റ് വേട്ടയും വാളയാര്‍ കേസിലെ വീഴ്ചകളും മറച്ചുവയ്ക്കാനാണ് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ചലച്ചിത്രകാരന്‍ ജോയ് മാത്യു. ആഭ്യന്തരവകുപ്പിന് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. 

 

വ്യക്തമായ തെളിവില്ലാതെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ പറഞ്ഞു‍. ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്.ഐ.ആര്‍ മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന്‍ കൊച്ചിയില്‍ പറഞ്ഞു.

 

അതേസമയം യുഎപിഎ ചുമത്തപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്. നഗരങ്ങളില്‍ വിവരശേഖരണവും ആശയപ്രചാരണവുമാണ് ഇവര്‍ നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കേസില്‍ യുഎപിഎ നിലനില്‍ക്കുമോയെന്ന് അന്വേഷണത്തിനുശേഷം കോടതിയെ അറിയിക്കുമെന്ന് ‍ഡ‍ിജിപി വ്യക്തമാക്കി.

 

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നിലപാട് കടുപ്പിക്കുന്നത്. അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമാണെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ ആരോപിച്ചു. രക്ഷപെട്ടയാളടക്കം കൂടുതല്‍ അംഗങ്ങള്‍ സംഘത്തിലുണ്ട്. വിവരശേഖരണവും മാവോയിസ്റ്റ് ആശയപ്രചാരണവുമാണ് ഇവര്‍ നടത്തുന്നത്. രക്ഷപെട്ടയാളും കോഴിക്കോട് സ്വദേശിയാണ്. 

 

ഈ വാദത്തിന്റെ തുടര്‍ച്ചയായാണ് യുഎപിഎ സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് ‍ഡിജിപി നിലപാടെടുത്തത്. ഇതുവരെ നടന്നത് പ്രാഥമിക അന്വേഷണം മാത്രമാണ്. തെളിവുകള്‍ ശേഖരിച്ച് എല്ലാവശവും വിശദമായി അന്വേഷിച്ചാലേ യുഎപിഎ നിലനില്‍ക്കുമോയെന്ന് തീരുമാനിക്കാനാകൂ. ക്രമസമാധാനവിഭാഗം എഡിജിപിയും ഉത്തരമേഖലാ ഐജിയും ഇതുസംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും ലോക്നാഥ് ബെഹ്റ ഉറപ്പുനല്‍കി.