alappuzha-collector

ആലപ്പുഴയില്‍ കലക്ടര്‍മാര്‍ക്ക് അടിക്കടി സ്ഥലംമാറ്റം. രണ്ടേകാല്‍ വര്‍ഷത്തിനിടെ അ‍ഞ്ചുപേരാണ് ആലപ്പുഴയില്‍ കലക്ടര്‍മാരായി എത്തിയത്. പ്രളയാനന്തര പുനര്‍നിര്‍മാണം ഉള്‍പ്പടെ താറുമാറാകുന്ന രീതിയിലാണ് സ്ഥലംമാറ്റമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു

രണ്ടുവര്‍ഷം മുന്‍പ് വീണ എന്‍ മാധവന്‍ സ്ഥ‌ലം മാറിപ്പോയതോടെ സാമൂഹ്യനീതി വകുപ്പില്‍നിന്ന് ടി.വി അനുപമ വന്നു. ഒമ്പതുമാസം കഴിയുമ്പോഴേക്കും തൃശൂരിലേക്ക് സ്ഥലം മാറ്റം. തുടങ്ങിവച്ചതെല്ലാം പാതിവഴിയില്‍. പുതുതായിവന്നത് വയനാട്ടില്‍നിന്ന് എസ് സുഹാസ്.

ജില്ലയിലെ പ്രളയരക്ഷാപ്രവര്‍ത്തനമായിരുന്നു പ്രധാനജോലി. ഒരുവര്‍ഷം പൂര്‍ത്തിയാവുന്ന മാസം എറണാകുളത്തേക്ക് മാറ്റം. പിന്നെ വന്നത് സുഹാസിന്റെ സിവില്‍സര്‍വീസ് ബാച്ചുകാരി ഡോ.അദീല അബ്ദുള്ള. ജില്ല മുഴുവന്‍ കണ്ടില്ല, അതിനുമുന്‍പേ നാലുമാസംകൊണ്ട് വയനാട്ടിലേക്ക് സ്ഥലംമാറ്റം. ഇനി വരുന്നത് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എം.അഞ്ജന. ഇങ്ങനെ പോയാല്‍ ഇവിടെ കാര്യങ്ങള്‍ നടക്കില്ലെന്ന് ഹരിപ്പാട് എം.എല്‍.എകൂടിയായ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ജില്ലയിലെ രണ്ടു പ്രമുഖ മന്ത്രിമാര്‍ക്കിടയില്‍ തൊഴില്‍പരമായി കലക്ടര്‍മാര്‍ക്ക് രക്ഷയില്ല എന്നാണ് തുടര്‍ച്ചയായ സ്ഥലംമാറ്റങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണം.