electric-auto

മന്ത്രിമാരും എം.എല്‍.എ മാരും ആദ്യയാത്രക്കാരായി സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതി സൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷ നിരത്തില്‍. കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മിച്ച ഓട്ടോകളുടെ ആദ്യയാത്ര എം.എല്‍ എ ഹോസ്റ്റലില്‍ നിന്നും നിയമസഭയിലേക്കായിരുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യാത്രക്കാരനായ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. 

നിയമസഭ സമ്മേളനത്തിന് എം.എല്‍.എമാര്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇലക്ട്രിക് ഓട്ടോകള്‍ എം.എല്‍.എ ഹോസ്റ്റലിലെത്തി. പുതിയ ഓട്ടോയുടെ വിശേഷങ്ങള്‍ ഗതാഗതമന്ത്രി ചോദിച്ചു മനസിലാക്കി. ഓട്ടോയില്‍ മീറ്ററുകള്‍ ഇല്ലെന്ന് ശ്രദ്ധയില്‍പെട്ട ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മീറ്റർ കൂടി ഓട്ടോയില്‍ വേണമെന്ന അഭ്യര്‍ഥന വ്യവസായമന്ത്രി ഇ.പി.ജയരാജനോട് ഉന്നയിച്ചു. ഇലക്ട്രിക് ഓട്ടോയുടെ ആദ്യയാത്ര നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫ്ലോഗ് ഓഫ് ചെയ്തു. ഗതാഗതമന്ത്രിക്കും വ്യവസായമന്ത്രിക്കുമൊപ്പം സ്പീക്കറും ആദ്യയാത്രക്കാരനായി.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ചുറ്റി എട്ടേമുക്കാലോട് ഓട്ടോനിയമസഭ അങ്കണത്തില്‍.അന്തരീക്ഷമലീനീകരണം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായമന്തി. 

മൂന്നരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോമീറ്റര്‍ ഓടാന്‍ കഴിയും .90 കിലോമീറ്റര്‍ കടക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കും. പൊതുസ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഉപകരണവും ഓട്ടോയ്ക്ക് ഒപ്പമുണ്ട്. നിരത്തുകളിലുള്ള ഓട്ടോകളേ പോലെ സീറ്റുള്ളവും ഡ്രൈവര്‍ക്കും യാത്രിക്കാര്‍ക്കും സീറ്റ് ബെല്‍റ്റുള്ളവയും പുതിയ ഓട്ടോകളുടെ ഭാഗമാണ്.