ക്ലാസില്‍ പഠിപ്പിച്ച പാഠഭാഗത്തിലെ സംഗീതപരിപാടികള്‍ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് തിരൂര്‍ ജി.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍. അന്യംനിന്ന് പോവുന്ന പുള്ളുവന്‍പാട്ടും സോപാനസംഗീതവുമാണ് വിദ്യാര്‍ഥികള്‍ക്ക് ആസ്വദിക്കാന്‍ സ്കൂളില്‍ അവതരിപ്പിച്ചത്.
നാലാം ക്ലാസിലെ പാഠപുസ്തകത്തില്‍ കേരള കഥകള്‍ എന്ന പാഠമുണ്ട്. കേരളത്തിലെ തനത് കലകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താനായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ പുസ്തകത്തില്‍നിന്നുപരി ഈ കലകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നേരിട്ട് അവതരിപ്പിച്ചാണ് തിരൂര്‍ ജി.എം.യു.പി സ്കൂള്‍ വ്യത്യസ്ഥമായത്.
പാഠത്തിലുള്ള പല കലകളും വിദ്യാര്‍ഥികള്‍ക്കിന്ന് കൗതുകക്കാഴ്ചയാണ്. മിക്കതും അന്യംനിന്ന് പോയവ. മലയാളികളുടെ സ്വന്തം കലകളെ പുതുതലമുറ മറക്കാതിരിക്കാന്‍ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ.
ക്ഷേത്ര സോപാനങ്ങളില്‍ നിന്ന് ദേവന്മാരെ സ്തുതിച്ചുകൊണ്ട് പാടുന്ന സോപാനസംഗീതം കാസര്‍കോട് സ്വദേശി ബിജു മാരാര്‍ അവതരിപ്പിച്ചു. എടപ്പാള്‍ പുളുവന്‍ പടി സ്വദേശി കോലോത്ത് പറമ്പില്‍ ശ്രീനിവാസനും മാതാവ് പങ്കജാക്ഷിയുമാണ് പുള്ളുവന്‍പാട്ട് അവതരിപ്പിച്ചത്.