pamba-20

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുളള വാഹന നിരോധനം ഭാഗികമായി നീക്കിത്തുടങ്ങി. പമ്പയിൽ ഭക്തരെയിറക്കി ഒരുമണിക്കൂറിനകം നിലക്കലിലെത്തി വാഹനം പാർക്ക് ചെയ്യണമെന്ന നിബന്ധനയോടെയാണ് കടത്തിവിടുന്നത്. ഇതോടെ പമ്പയിൽ ഗതാഗത കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് പൊലീസ്

തീർത്ഥാടകർക്കൊപ്പം ഡ്രൈവറുമുള്ള ചെറുവാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടും. പമ്പയിൽ പാർക്കിങ് ഇല്ല. ഒരു മണിക്കൂറിനുള്ളിൽ പമ്പയിൽ നിന്ന് വാഹനം തിരികെ നിലക്കലെത്തണം എന്ന നിർദേശത്തോടെയാണ് കടത്തിവിടുന്നത്. തീർത്ഥാടകനാണ് വണ്ടി ഓടിക്കുന്നതെങ്കിൽ വാഹനാ നിലക്കലിലിട്ട് കെഎസ്ആർടിസിയിൽ യാത്ര തുടരണം. പമ്പയിലെ പ്രധാന പാർക്കിങ്ങ് ഏരിയായിരുന്ന ഹിൽ ടോപ്പടക്കം ഇപ്പോഴും തകർന്ന് കിടക്കുകയാണ്. അമിതമായി ഇവിടേക്ക് വാഹനങ്ങളെത്തിയാൽ മണ്ണിടയാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാന റോഡിൽ വച്ച് തന്നെ വാഹനം തിരിച്ച് വിടേണ്ടത് ഗതാഗതകുരുക്കിന് കാരണമായേക്കും. 

നിലയ്ക്കലിൽ ഇറങ്ങാതെ തീർത്ഥാടകർ എത്തുമ്പോൾ ഒരു മണിക്കൂറിൽ പതിനായിരം തീർത്ഥാടകർ വരെ പമ്പയിലെത്താം. എന്നാൽ നിലവിൽ മൂവായിരം പേർക്കുള്ള വിശ്രമ സൗകര്യവും നാനൂറ് ശുചി മുറികളും 12 ഹോട്ടലുമാണ് പമ്പയിലുളളത്. അതിനാൽ അസൗകര്യങ്ങൾ പ്രതിസന്ധിയായാൽ നിലയ്ക്കലിൽ നിന്ന് വിടുന്ന വാഹനങ്ങളുടെയെണ്ണം നിയന്ത്രക്കാനാണ് ആലോചന.