k-raju

ഹെഡ് മാസ്റ്റർ സ്ഥലത്തില്ലാത്തപ്പോൾ അധ്യാപകർ ചുറ്റി നടക്കുന്നത് പോലെയാണ് തങ്ങളെന്ന് മന്ത്രി കെ. രാജു. ആഴ്ചയിൽ അഞ്ച് ദിവസവും മന്ത്രിമാർ തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവുള്ളതിനാൽ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഒരാഴ്ചയായി മുഖ്യമന്ത്രി വിദേശയാത്രയിൽ ആയതോടെ ഹെഡ്മാസ്റ്റർ ലീവിൽ പോയ സ്കൂൾ പോലെയായി മന്ത്രിമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളൂരിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയെ ഉന്നമിട്ട് മന്ത്രിയുടെ ട്രോൾ. മന്ത്രി പറഞ്ഞ് നിർത്തിയതും സദസിൽ കൂട്ടച്ചിരിയായി.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ.ശശീന്ദ്രൻ എന്നിവർ പോയിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ മന്ത്രിമാർ ഓഫീസിൽ ഉണ്ടായിരിക്കണമെന്നും മറ്റുള്ള ദിവസങ്ങളിൽ മാത്രം ചടങ്ങുകൾക്ക് പോയാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.