രാജ്ഭവനു മുന്നിലൂടെ കാറിൽ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരിൽ 20 പൊലീസുകാർക്കു മലപ്പുറം പാണ്ടിക്കാട്ട് ശിക്ഷാ പരിശീലനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്നലെ രാവിലെ പത്തോടെ രാജ്ഭവനു മുന്നിലൂടെ കടന്നുപോയതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ അവിടെ സമരക്കാരെ തടയാൻ നിയോഗിച്ചിരുന്ന പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാർ അതു കണ്ടില്ല. തൊട്ടുപിന്നാലെ ഉന്നതർക്കു പരാതി ലഭിച്ചു.
തുടർന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരെയും ഹാജരാക്കാൻ ബറ്റാലിയൻ ഡിഐജി പി.പ്രകാശ് നിർദേശം നൽകി. സമരഡ്യൂട്ടി കഴിഞ്ഞ പൊലീസുകാരെ പേരൂർക്കട എസ്എപി ക്യാംപിലേക്ക് അടിയന്തരമായി വിളിപ്പിച്ചു. തുടർന്നു കമൻഡാന്റ് ഇവരെ ഡിഐജിക്കു മുന്നിൽ ഹാജരാക്കി. മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്ന പേരിൽ ഡിഐജി പൊലീസുകാരെ ശാസിച്ചു. പിന്നാലെ മുഴുവൻ പേരെയും പാണ്ടിക്കാടുള്ള ആർആർഎഎഫ് ബറ്റാലിയനിൽ 7 ദിവസത്തെ ശിക്ഷാ പരേഡിനു വിട്ടു.
17 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയവരാണ് എല്ലാവരും. ആളില്ലെന്ന പേരിൽ ഇവർക്കു 3 ദിവസത്തെ വിശ്രമം പോലും കിട്ടിയിരുന്നില്ല. വൈകുന്നേരത്തോടെ 20 പേരെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ വിട്ടു. ‘രാത്രി വണ്ടിക്കു തന്നെ പാണ്ടിക്കാട്ടേക്കു വിട്ടോളാ’നാണ് ഉത്തരവ്.
എങ്ങനെ കാണും സാറേ!!
മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും നിയമം ലംഘിച്ച് ഔദ്യോഗിക വാഹനങ്ങളിൽ കറുത്ത ഫിലിം പതിപ്പിച്ചിട്ടുണ്ട്. അല്ലാത്തവർ കർട്ടൻ ഇട്ട് ഉൾക്കാഴ്ച മറയ്ക്കുന്നു. പിന്നെങ്ങനെ അകത്തിരിക്കുന്ന ‘സാറി’നെ കാണുമെന്നാണു പൊലീസുകാരുടെ ചോദ്യം. ചിലപ്പോൾ ഗൺമാനോ ഡ്രൈവറോ മേലുദ്യോഗസ്ഥന്റെ വീട്ടുസാധനങ്ങൾ വാങ്ങാൻ പോകുന്നതും നക്ഷത്രം പതിച്ച കാറിലാണ്.