checkpost

ശബരിമല തീര്‍ഥാടകരില്‍ നിന്നു കൊല്ലം ആര്യങ്കാവിലെ ചെക്പോസ്റ്റുകളില്‍ അനധികൃതമായി പണം പിരിക്കുന്നതായി പരാതി. അര്‍ധരാത്രിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്നു കണക്കില്‍പെടാത്ത പതിനേഴായിരം രൂപ പിടിച്ചെടുത്തു. അമിതഭാരം കയറ്റിവരുന്ന ലോറികളില്‍ നിന്നു കൈക്കൂലി വാങ്ങാനായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ നിയോഗിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

 

എക്സൈസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും ആര്യങ്കാവിലെ ചെക്പോസ്റ്റുകളിലാണ് കൊല്ലത്തു നിന്നുള്ള വിജിലൻസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ഥാടകരില്‍ നിന്നും അമിതഭാരം കയറ്റിവരുന്ന ലോറികളില്‍ നിന്നും ചെക്ക്പോസ്റ്റുകളില്‍ പണം പിരിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. രണ്ടു ചെക്ക്പോസ്റ്റുകളില്‍‌ നിന്നായി കണക്കില്‍പെടാത്ത 17,000 രൂപ പിടിച്ചെടുത്തു. വാഹനങ്ങളില്‍ നിന്നു പണം പിരിക്കാനായി രാത്രികാലങ്ങളില്‍ ചെക്ക്പോസ്റ്റുകളില്‍ ലൈറ്റ് തെളിയിക്കാറില്ലായിരുന്നു. വാഹനങ്ങളുടെ ഭാരം പരിശോധിക്കാനുള്ള ഉപകരണവും പ്രവര്‍ത്തന രഹിതമായിരുന്നു. അതുകൊണ്ട് ചരക്കു ലോറികളില്‍ നിന്നടക്കം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരം പണം വാങ്ങാറുണ്ടായിരുന്നുവെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം പിരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിയോഗിക്കുന്ന ഏജന്റുമാര്‍ ഒരു ലോറി ഡ്രൈവറില്‍ നിന്നു പതിനായിരം രൂപയിലധികം വാങ്ങിയതായും അന്വേഷണത്തില്‍ വ്യക്തമായി.