പാലക്കാട് ശ്രീകൃഷ്ണപുരത്തിന് കാഴ്ചയായി നൂറിലധികം തിറ കലാകാരന്മാരുടെ പരിശീലനക്കളരി. ഞായറാഴ്ച തൃശൂരില്‍ നടത്തുന്ന തിറ മഹോല്‍സവത്തിന് മുന്നോടിയായാണ് കോട്ടപ്പുറം ക്ഷേത്രസന്നിധിയില്‍ കലാകാരന്മാര്‍ ഒത്തുകൂടിയത്. ആയിരത്തിലധികം പേരാണ് തിറയാട്ടത്തിന് സാക്ഷ്യം വഹിച്ചത്.
പാരമ്പര്യ അനുഷ്ഠാനങ്ങളിലൂടെ കൈവരിച്ച കലാപാടവം വള്ളുവനാടിന്റെ കിഴക്കും പടിഞ്ഞാറുമുള്ള കലാകാരന്മാരിലൂടെയാണ് കാഴ്ചയായത്. അഞ്ഞൂറ് തിറ, വാദ്യകലാകാരന്മാരെ അണിനിരത്തി തൃശൂർ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ എട്ടിന് വൈകിട്ട് മൂന്നിന് തിറ മഹോല്‍സവം നടത്തും. ഇതിന്റെ പരിശീലനമാണ് ശ്രീകൃഷ്ണപുരം കോട്ടപ്പുറം തിരുവളയനാട് കാവ് ക്ഷേത്രമൈതാനത്ത് നടന്നത്. തുടി സാംസ്കാരിക കൂട്ടായ്മയാണ് സംഘാടകര്‍
കാവുകളിലെയും ദേവീ ക്ഷേത്രോത്സവങ്ങളുടെയും ഭാഗമായി കെട്ടിയാടുന്ന പ്രാചീന കലാരൂപമാണ് പൂതനും തിറയും. വള്ളുവനാടൻ മണ്ണിലെ ഈ കലാരൂപത്തിന് ലഭിക്കുന്ന സ്വീകാര്യതയാണ് പ്രധാനം. അതുകൊണ്ടു തന്നെ പാരമ്പര്യം കൈവിടാതെ എക്കാലവും നിലനിൽക്കേണ്ടതുമാണ്.