ലിഫ്റ്റ് ചോദിച്ചു കയറിയ ലോറി ജെസ്റ്റിയെ എത്തിച്ചതു മരണത്തിലാണ്. പഠനത്തിൽ മിടുക്കനായിരുന്നു ജെസ്റ്റി. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിലെ ഐടി വിഭാഗത്തിൽ വിജയി. ക്യാംപസ് ഇന്റർവ്യൂവിലൂടെ ഇൻഫോസിസിൽ ജോലി ഉറപ്പാക്കിയിരുന്നു. ഗണിതശാസ്ത്ര ബിരുദ പഠനം കഴിഞ്ഞു ജോലിക്കു ചേരാനിരുന്നതാണ്. നാട്ടിലും വീട്ടിലും കോളജിലും ഊർജ്ജസ്വലമായിരുന്ന ആ ജീവിതം അപൂർണമായി അവസാനിച്ചു.
ശസ്ത്രക്രിയയ്ക്കായി ഇടപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മാതൃസഹോദരി ബീനയെ കാണാനാണു വെള്ളിയാഴ്ച ജെസ്റ്റി പോയത്. കല്ലുമല സിഎംഎസ് എൽപിഎസ് പ്രധാനാധ്യാപികയാണു ബീന. നാട്ടിലും കോളജിലും എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ജെസ്റ്റി. കോളജിൽ നാഷനൽ സർവീസ് സ്കീം യോഗമുള്ളതിനാലാണ് പുലർച്ചെ ആശുപത്രിയിൽ നിന്നു മടങ്ങിയത്.ഒരു കാറിനു സൈഡ് കൊടുക്കുമ്പോഴാണ് അപകടമെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. കുത്തിയതോട് പൊലീസും അരൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു തകർന്ന ക്യാബിനുള്ളിൽ കുടുങ്ങിയ ജെസ്റ്റിയെ പുറത്തെടുത്തത്.