ചേർത്തല: വളവിൽ വാഹന പരിശോധന നടത്തിയത് ചോദ്യം ചെയ്ത പിഎസ്‌സി ഉദ്യോഗസ്ഥന് പൊലീസ് മർദനത്തിൽ പല്ലു പോയി. ഡിജിപിക്കു പരാതി നൽകിയതിനെ തുടർന്ന് ചേർത്തല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുധീഷിനെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ ബാബുവിനും സിവിൽ പൊലീസ് ഓഫിസർ തോമസിനും എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി.
സംഭവം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.എം. ടോമി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശം നൽകി. തിരുവനന്തപുരം പിഎസ്‌സി ഓഫിസിലെ ഉദ്യോഗസ്ഥൻ ചേർത്തല 5–ാം വാർഡ് ഇല്ലിക്കൽ രമേഷ് എസ്.കമ്മത്തിനാണ് (52) മർദനമേറ്റത്. ശനിയാഴ്ച വൈകിട്ടു ചേർത്തല പൂത്തോട്ടപ്പാലത്തിനു സമീപത്തെ വളവിലായിരുന്നു സംഭവം.