വ്യക്തിവിരോധം തീര്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ കെട്ടിച്ചമച്ച കേസില്‍നിന്ന് മോചിതനായിട്ടും, തിരികെ ജോലിയില്‍ പ്രവേശിക്കാനാകാതെ അന്ധനായ അധ്യാപകന്‍. തിരുവല്ല കവിയൂര്‍ സ്വദേശിയായ അധ്യാപകനാണ് നീതിനിഷേധത്താല്‍ അവധിയില്‍ തുടരേണ്ട ഗതികേട്. എന്നാല്‍, വ്യാജകേസ് നല്‍കിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും, അന്ധനായ അധ്യാപകന് സഹായിയെ വയ്ക്കുന്നതിലും സാങ്കേതികതടസമുണ്ടെന്നാണ് ഡിഡിഇയുടെ വിശദീകരണം.
തിരുവല്ല ഗവ.മോഡല്‍ എച്ച്എസില്‍ അധ്യാപകനായിരുന്നു എം.ജി.സദാനന്ദന്‍. സഹപ്രവര്‍ത്തകരുടെ മാനസികപീഡനങ്ങള്‍ക്കെതിരെ പരാതിനല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അദ്ദേഹംപറയുന്നു. സംഘടനാതലത്തിലുളള വൈരാഗ്യമാണ് പിന്നില്‍ . 'ട്രാന്‍സ്ഫര്‍ വാങ്ങിപോകണമെന്ന, ഭീഷണിക്ക് വഴങ്ങാത്തപ്പോള്‍ വിദ്യാര്‍ഥിനിയെക്കൊണ്ട് കേസ് നല്‍കി. ഇതോടെ മറ്റൊരു സ്കൂളിലേക്ക് മാറി. ഒടുവില്‍ ,പരാതികളെല്ലാം വ്യാജമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ , സാമൂഹിക നീതിവകുപ്പ്, മജിസ്ട്രേറ്റ് കോടതി എന്നീതലങ്ങളില്‍ കണ്ടെത്തി. എന്നാല്‍ , തന്നെ ദ്രോഹിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഉത്തരവ് പാലിക്കാന്‍ ഡിഡിഇ തയ്യാറാകുന്നില്ലെന്നാണ് പരാതി. പഴയ സ്കൂളിലേക്ക് സ്ഥലംമാറ്റവും ഇല്ല. –അദ്ദേഹംപറയുന്നു.
അന്ധനായ അധ്യാപകന് പരസഹായം അത്യാവശ്യമാണ്. എന്നാലിതിനും തടസമുന്നയിക്കുന്നു. അതേസമയം, സ്വന്തംചെലവിലാണെങ്കിലും സ്കൂളില്‍ അധ്യാപകന് സഹായിയെ വയ്ക്കാന്‍ നിയമമില്ലെന്നും, വ്യാജകേസ് നല്‍കിയ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്ന ട്രൈബ്യൂണല്‍ ഉത്തരവ് ഉടന്‍ നടപ്പാക്കാനാകില്ല എന്നുമാണ് ഡിഡിഇയുടെ നിലപാട്.